2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

നിലച്ചുപോയി ആ സമയസൂചി


ഇക്കണ്ട കാലമത്രയും കൂട്ടിനുണ്ടായിരുന്ന തങ്കമ്മ ചേച്ചിയെ തനിച്ചാക്കി
ഒടുവില്‍ ജോന്നാസേട്ടന്‍ യാത്രയായി...
ദേഹം മുഴുവന്‍ വെള്ളപുതച്ച് കിടക്കുന്ന തന്റെ പ്രിയപ്പെട്ടവനെ
എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്ന്
കടുത്ത മാനസിക വിഭ്രാന്തിക്കടിപ്പെട്ടുപോയ തങ്കമ്മ ചേച്ചിക്ക്
ഇനിയും മനസ്സിലായിട്ടില്ല..
മൃതശരീരത്തിന്റെ അരികിലിരിക്കുന്നുണ്ടെങ്കിലും
എപ്പോഴാണ് അവിടെ നിന്നും എണീറ്റ്‌ പുറത്തേക്ക് ഓടുക എന്നു പറയാനാവില്ല
ചിലപ്പോള്‍ കൈകൊട്ടി ഉച്ചത്തില്‍ ചേച്ചി പാട്ടുപാടിയേക്കും



ജീവിതത്തിന്റെ സുവര്‍ണ്ണകകാലത്ത്‌ ഏക സമ്പാദ്യമായി കരുതി പോറ്റി വളര്‍ത്തി വലുതാക്കിയ പ്രിയപ്പെട്ട മകനെ ഒരു നോക്ക് കാണാന്‍ പോലും കഴിയാതെയാണ് ജോന്നസേട്ടന്‍ യാത്രയായത്‌...

വ്യത്യസ്തത കൊണ്ട് ജീവിതം അടയാളപ്പെടുത്തുന്ന നാട്ടുമനുഷ്യരെ തേടി കമ്മൂണിസ്റ്റപ്പയുമായി നടക്കുമ്പോഴാണ്
അങ്ങാടിയില്‍ വാച്ചുകട നടത്തുന്ന വൃദ്ധദമ്പതികള്‍ ശ്രദ്ധയില്പ്പെടുന്നത്.
ജീവിതത്തിന്റെ സായന്തനത്തില്‍
കൂട്ടിന് ആരോരുമില്ലാതെ പരസ്പരം താങ്ങും തണലുമായി കഴിയുന്ന
ജോന്നാസ്‌ റെജിനോള്‍ഡ് എന്ന ജോന്നാസേട്ടനും ഭാര്യ തങ്കമ്മചേച്ചിയും അധികമാരുടെയും ശ്രദ്ധയില്‍പെടാതെ
ഒറ്റപ്പെടലിന്റെ വേദന കടിച്ചമര്ത്തി ജീവിക്കുന്നത്
കമ്മൂണിസ്റ്റപ്പയാണ് നാടിനോട് ഹൃദയ വേദനയോടെ തുറന്നുപറഞ്ഞത്.

പ്രായം എണ്‍പത്‌ കഴിഞ്ഞെങ്കിലും ജോന്നസേട്ടന് നല്ല ഓര്‍മ്മ ശക്തിയുണ്ടായിരുന്നു...
കഴിഞ്ഞകാലങ്ങളിലെ ജീവിതത്തെ കുറിച്ച് പറയുമ്പോഴെല്ലാം
അദ്ദേഹം തിയ്യതി സഹിതമാണ് പറഞ്ഞിരുന്നത്...
ഏറെ കഷ്ടപ്പെട്ടാണ് മകനെ പഠിപ്പിച്ചു ബികോം ബിരുദധാരിയാക്കിയത്...
സംഭാഷണം മകനിലെക്ക് എത്തുമ്പോളെല്ലാം അദ്ദേഹം വിതുമ്പി...
വാടക വീട്ടില്‍ തനിച്ചു കഴിയുമ്പോഴും മകന്‍ തന്നെ വിളിക്കാന്‍
വരുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു....
ഒരിക്കലും തന്റെ മകനെ തള്ളിപ്പറയാന്‍
ഈ സ്നേഹസമ്പന്നനായ പിതാവ്‌ തയ്യാറല്ലായിരുന്നു...

പിന്നീട് ഞങ്ങള്‍ക്ക്‌ വേണ്ടപ്പെട്ട ഒരാളായി,
ഞങ്ങളില്‍ ഒരാളായി ജോന്നസേട്ടന്‍ മാറി...
വായനശാലയില്‍ ഇടയ്ക്കിടെ വരും...
മാഷേ... എന്നായിരുന്നു അദ്ദേഹം എന്നെ വിളിച്ചിരുന്നത്...
എല്ലാതരത്തിലും അദ്ദേഹത്തിന് താങ്ങും തണലുമായി ഞങ്ങളെല്ലാരുമുണ്ടായിരുന്നു
ഇടയ്ക്കിടെ ഫോണ്‍ ചെയ്യും...
പലപ്പോഴും കട തുറക്കാന്‍ പോലും കഴിയാതെ അദ്ദേഹം കിടപ്പിലായി..
വാടാകവീട്ടില്‍ ഞങ്ങളെല്ലാവരും ചെന്നുകണ്ടപ്പോള്‍
സന്തോഷമായെന്നും നാളെമുതല്‍ കടയില്‍ വരാമെന്നും പറഞ്ഞു...
ഒരു വാച്ച് പോലും കെട്ടാത്ത ഞങ്ങളില്‍ പലരും
അദേഹത്തിന്റെ അടുത്ത് വാച്ച് നന്നാക്കാന്‍ പോയി...
ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം വല്ലാത്ത അവസ്ഥയിലായിരുന്നു...
തങ്കമ്മ ചേച്ചിക്ക് ആയിടക്കാണ് മനോവിഭ്രാന്തി പിടിപ്പെട്ടത്‌...
വയ്യാണ്ട് കിടക്കുന്ന ജോന്നസേട്ടനെ മറന്ന് അവര്‍ വീട് വിട്ട് അങ്ങാടിയിലേക്ക് പായും...
വീടിനകം മുഴുവന്‍ വൃത്തികേടായി കിടക്കുന്നു...
എങ്കിലും ഞങ്ങളെ കാണുമ്പോള്‍ അദ്ദേഹത്തിന് ഏറെ സന്തോഷമുണ്ടായിരുന്നു...
പല തവണ അദ്ധേഹത്തിന്റെ മകനുമായി സംസാരിച്ചു..
പള്ളിലെ അച്ഛനുമായി സംസാരിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചു...
എല്ലാത്തിന്റെയും ഫലം പരാജയമായിരുന്നു...
ഒടുവില്‍ അദ്ദേഹത്തിനെയും ഭാര്യയെയും ഞങ്ങള്‍ തവനൂരില്‍ കൊണ്ടാക്കാന്‍ തീരുമാനിച്ചു...
പെട്ടെന്നൊരുനാള്‍
മകന്‍ വന്ന് അവരെ വീട്ടിലേക്കു കൊണ്ടുപോയി
സന്തോഷമായി...

കുറെ നാള്‍ കഴിഞ്ഞ് ഒരുദിവസം അദ്ദേഹം എന്നെ വിളിച്ചു...
മാഷേ...ഞങ്ങളിവിടെ വൃദ്ധസദനത്തിലാണ് ഒന്ന് കാണണമെന്ന് പറഞ്ഞു..
സങ്കടത്തോടെയാണ് ആ വാര്‍ത്ത‍ കേട്ടത്...
അവിടെ ചെന്നപ്പോള്‍ അദ്ദേഹം
അവിടെ എത്തിച്ചേരാനുള്ള സാഹചര്യങ്ങള്‍ പറഞ്ഞുകരഞ്ഞു..
അന്ന് രാവിലെ അവര്‍ വീട് വിട്ടിറങ്ങിയത്‌
ആത്മഹത്യ ചെയ്യാന്‍ ഉറച്ചുതന്നെയായിരുന്നു..
വല്ലതും കഴിച്ചിട്ട് രണ്ടുദിവസമായി .
കയ്യില്‍ വിഷക്കുപ്പി കരുതിയിട്ടുണ്ടായിരുന്നു...
അടുത്ത വീട്ടിലെ ചേച്ചി വിളിച്ചു കൊണ്ടുപോയി ഭക്ഷണം തന്നു...
അവരുടെ സ്നേഹത്തിന് മുമ്പില്‍ ദുരന്തമരണം വേണ്ടെന്ന് വെച്ചു...

ഇടയ്ക്കിടെ ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വൃദ്ധസദനത്തില്‍ പോകും
ഞങ്ങളെ കാണുമ്പോള്‍ സങ്കടങ്ങള്‍ മറന്ന് നാട്ടുവാര്‍ത്തകള്‍ ചോദിച്ചറിയും
ഒരു മകനെയല്ലേ ഞങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടിട്ടുള്ളൂ...
ഇപ്പോള്‍ കൂട്ടിന് ഒരുപാട് മക്കളുണ്ടെന്നു പറഞ്ഞപ്പോള്‍ മനം നിറഞ്ഞു...

അങ്ങനെയുള്ള യാത്രക്കിടയിലാണ് യുഗദര്‍ശനയുടെ നേതൃത്വത്തില്‍ അവിടുത്തെ അന്തേവാസികള്‍ക്ക് മുഴുവന്‍ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്‌..
പക്ഷെ അന്നെനിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല..

ഏറ്റവുമൊടുവില്‍ അദ്ദേഹത്തെ കാണുന്നത് ഒരുമാസം മുമ്പാണ്...
കൂടെ എന്റെ ഭാര്യയുമുണ്ടായിരുന്നു..
എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ അദ്ദേഹം കിടപ്പിലായിരിക്കുന്നു...
ഭാര്യ തങ്കമ്മ ചേച്ചി താഴെ എല്ലാവര്‍ക്കും പാട്ടുപാടിക്കൊടുക്കുന്ന തിരക്കിലാണ്
എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ച് അദ്ദേഹം കരഞ്ഞു...
മാഷേ... എനിക്കരുമില്ല മാഷേ ...
എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ
ഞാന്‍ വിഷമിച്ചു...
തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ അദേഹത്തിന്റെ മകന്റെ വീട്ടില്‍ ഒരിക്കല്‍ കൂടി കയറി..
മകന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ....
ജോന്നെസട്ടന്റെ ദയനീയാവസ്ഥ അവരോടു പറഞ്ഞു...
അവിടെ പോകണമെന്ന് പറഞ്ഞു...
പിന്നോടോരിക്കല്‍ കൂടി ഞാന്‍ വൃദ്ധസദനത്തില്‍ പോയിരുന്നു...
അദ്ദേഹം ഒട്ടും വയ്യാതെ മരണാസന്നനായി കിടക്കുകയാണെന്ന്
അവിടുത്തെ സൂപ്രണ്ട് പറഞ്ഞു...
തങ്കമ്മ ചേച്ചി അപ്പോഴും പാട്ട് പാടി നടക്കുകയാണ്...
ആ ദയനീയമായ കാഴ്ച കാണേണ്ടെന്നു വെച്ചു ഞാന്‍ മടങ്ങി



ഇന്നലെ രാവിലെ ബീരാഞ്ചിറ കോര്‍ണറില്‍ ശ്രീ മുജീബ്‌ പൂളക്കലിന്റെ പോസ്റ്റിലൂടെയാണ് മരണ വാര്‍ത്ത‍ അറിഞ്ഞത്...
ഉടന്‍ വൃദ്ധസദനത്തിലെ സൂപ്രണ്ടിനെ വിളിച്ചു: സംസ്കാരം എവിടെ വെച്ചാണെന്നറിയന്‍
ബോഡി കൊണ്ടുപോകാന്‍ മകന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു...

കൊടക്കലിലെ മകന്റെ വീട്ടില്‍ പോയി
വെള്ള പുതച്ചുകിടക്കുന്ന ജോന്നെസേട്ടന്റെ അരികില്‍ ഏതോ സ്വപ്നത്തിലെന്നപോലെ തങ്കമ്മ ചേച്ചി ഇരിക്കുന്നുണ്ട്...
അവരുടെ മനസ്സില്‍ ഇപ്പോള്‍ എന്താണെന്ന് ആര്‍ക്കു പറയാനാകും...

ചുറ്റുവട്ടങ്ങളില്‍ മകനെ നോക്കി, കണ്ടില്ല...
സുരേഷ്...
പത്തുമാസം ഗര്‍ഭം ചുമന്ന് നൊന്തു പ്രസവിച്ച
സ്വന്തം അമ്മ ഇനിയും ബാക്കിയുണ്ട്...
അവരെയെങ്കിലും കാത്തു കൊള്ളാന്‍ നിനക്ക് കഴിഞ്ഞെങ്കില്‍...!

( ഇവരെ കുറിച്ചെഴുതിയ 'ബീരഞ്ചിരയിലെ സമയസൂചികള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://communistappa.blogspot.in/2011/07/6.html)