2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ഡബ്ള്‍ ലൈന്‍


പട്ടാമ്പിയില്‍ പഠിച്ചിരുന്ന കാലത്ത്‌ എഴുതിയതാണിത്.കുറ്റിപ്പുറത്ത് നിന്നും പട്ടാമ്പിയിലേക്ക് അധിക ദൂരമൊന്നുമില്ല.ടിക്കറ്റെടുത്തും എടുക്കാതെയുമുള്ള ട്രെയിന്‍യാത്രയും പ്ലാറ്റ്ഫോമിലെ സുദീര്‍ഘങ്ങളായ കാത്തിരിപ്പുകളും സമ്മാനിച്ച സൗഹൃദങ്ങള്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു.ആ ഓര്‍മ്മകള്‍ക്ക്...



ഒന്ന്‍

പാത ഒന്നു മാത്രമായിരുന്നപ്പോള്‍

വണ്ടികളെത്ര സഹനശീലരായിരുന്നു..

വണ്ടികളെത്ര സ്നേഹശീലരായിരുന്നു..

ഔട്ടറില്‍ കിടക്കുന്ന

പാസഞ്ചര്‍ ചുരത്തുന്ന

കല്‍ക്കരി ഗന്ധമറിയാന്‍ കൊതിച്ച്

സ്റ്റേഷനില്‍ എക്സ്പ്രസ്

കാത്തുകിടക്കാറുണ്ടായിരുന്നു..

കാത്തിരിപ്പിന്റെ സമയനഷ്ടമറിയാതെ

ഇരുമ്പുചക്രങ്ങളുടെ

ഞെരക്കങ്ങള്‍ക്ക് കാതോര്‍ത്ത്‌

സ്റ്റേഷനില്‍ നമ്മളുമുണ്ടായിരുന്നു



രണ്ട്

ഇരട്ടപ്പാത വന്നതോടെ

വണ്ടികള്‍ അന്യരായി

കണ്ടാലറിയാത്തവരായി

ഷൊര്‍ണ്ണൂര്‍ - കാലിക്കറ്റ്‌ പാസഞ്ചര്‍

വന്നാലും വന്നില്ലേലും

ശബ്ദവേഗങ്ങളെ

കീറിമുറിച്ചുകൊണ്ട്

കണ്ണൂര്‍ - ആലപ്പി

എക്സിക്യൂട്ടീവ് എക്സ്പ്രസ്

കുതിച്ചുപായും

ഒന്നു കുശലമോതിയിട്ട് പോലും

കാലമേറെയായി

എന്നിട്ടും

വണ്ടി കിട്ടാത്തതിലുള്ള

നിന്റെ പരിഭവം

സ്റ്റേഷനില്‍ പതിവ്‌ ദൃശ്യമാകുന്നു



മൂന്ന്‍

പാത രണ്ടെണ്ണമായതോടെ

നമ്മളും രണ്ടായി

സുഹൃത്തേ..

ഇനി നമുക്ക്‌

രണ്ടു പാളത്തിലൂടെ

ഓടിക്കൊണ്ടിരിക്കാം;

പരസ്പരം കാണാതെ
കണ്ടാല്‍ത്തന്നെ മിണ്ടാതെ

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ലക്ഷദ്വീപില്‍ ഒരു പെരുന്നാള്‍കാലം


അറബിക്കടലിനു മധ്യേ
കടലിന്റെ ഏകാന്തതയിൽ ഒറ്റപ്പെട്ടുകിടക്കുന്ന
അനേകം തുരുത്തുകളിലൊന്ന്...
റമളാനിലെ അവസാന സായഹ്നം...
വീടുകളില്‍ നിന്നും ആളുകൾ
മേലാബായിലേക്ക് (പടിഞ്ഞാറെ കടപ്പുറം)
കൂട്ടം കൂട്ടമായി ഒഴുകി.
എല്ലാവരും 'മാസം നോക്കുവാം ഫോണ്ടേത്'...
സന്ധ്യ തുടുത്തു വന്നതോടെ കടപ്പുറം ജനനിബിഡമായി
കുട്ടികള്‍ ,ചെറുപ്പക്കാര്‍ ,മധ്യവയസ്കര്‍ ,സ്ത്രീകള്‍ ...
ഇറച്ചിവെട്ടുകാര്‍ ,കച്ചവടക്കാര്‍ ,ദിക്ക്റുകാര്‍ ,മൌലവിമാര്‍ ...
എല്ലാവരും പടിഞ്ഞാറെ മാനത്ത് കണ്പാര്‍ത്തിരിക്കുന്നു.
ഏറെനേരം കഴിഞ്ഞില്ല, സന്തോഷംകൊണ്ട് നിറഞ്ഞ മാനത്ത്
ശവ്വാലമ്പിളിയുടെ തിരുപ്പിറവി...
'അള്ളാഹു അക്ബറള്ളാഹു അക്ബറ്..ലാഇലാഅ-
..'
അന്തരീക്ഷം തക്ബീര്‍ ധ്വനികള്‍ കൊണ്ട് മുഖരിതമായി.
ആളുകള്‍ കൂക്കിവിളിച്ചു...
കടപ്പുറത്ത് നിന്നും നാട്ടുവഴികളിലേക്ക് ചങ്ങലപോലെ നീണ്ടു പോകുന്ന അറ്റമില്ലാത്ത കൂക്കല്‍ ...
കുട്ടികള്‍ സന്തോഷത്തോടെ കടപ്പുറത്ത് ഓടിനടന്ന് പാടി:
''മാസം കണ്ട്നിയോ
വിളി വിളി ഇട്ട്നിയോ
ഹവ്വ തിത്തിയ
കണ്ണുപോലെ''



വിവരസാങ്കേതികവിദ്യയുടെ അതിവ്യാപനം നടക്കുന്ന ഇക്കാലത്തും പഴമയുടെ തനിമ കൈവിടാതെ ആഘോഷങ്ങള്‍ കൊണ്ടാടുന്ന ഒരു കൊച്ചുസമൂഹത്തിന്റെ –ലക്ഷദീപിന്റെ പെരുന്നാളാഘോഷത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ചിത്രമാണിത്.അറബിക്കടലിന്റെ കനത്ത ആഴത്തിനുമീതെ ഏകാന്തതയുടെ ഭാരവുംപേറി ഉയര്‍ന്നു നില്ക്കു ന്ന മുപ്പത്തിയാറോളം തുരുത്തുകള്‍ .ചുറ്റും പ്രകൃതിദത്തമായ പവിഴപുറ്റുകള്‍ കൊണ്ടലംകൃതമായ (സംരക്ഷിതമായ) സുന്ദരമായ ദ്വീപസമൂഹം. കവരത്തി, അഗത്തി, അമേനി, കടമത്ത്, കില്ത്താന്‍, ചെത്ത്‌ലാത്ത്‌, ബിത്ര, കല്പേനി, ആന്ത്രോത്ത്, മിനിക്കോയ് എന്നീ പത്തു ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളു. തദ്ദേശീയരില്‍ നൂറു ശതമാനവും ഇസ്ലാം മത വിശ്വാസികള്‍ . വിശ്വാസം ജീവിതത്തിന്റെറ ഭാഗമായി കാണുന്നവരാണ്ദ്വീപുകാർ. മുകളില്‍ അനന്തമായ ആകാശവും ചുറ്റും ആഴമേറിയ കടലും മാത്രം കൂട്ടിനുള്ള ഒരു സമൂഹത്തിനു വിശ്വാസികളാകാത്തിരിക്കാന്‍ വയ്യ. ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളുമെല്ലാം മതാധിഷ്ടിതമാകുന്നത് സ്വാഭാവികം മാത്രം.
കൂട്ടമായി, ഒരുമിച്ചുകൂടി, മാസംകണ്ട്, വിളിച്ചുകൂവി, തക്ബീര്‍ മുഴക്കി, പെരുന്നാളാഘോഷത്തിനു തുടക്കമിടുന്നു. ഇന്റെര്‍നെറ്റും എസ്‌.എം.എസ്സും കേബിള്‍ ടിവിയുമെല്ലാം ദ്വീപിൽ ലഭ്യമായിട്ടും അവരുടെ ‘മാസം നോക്കുന്നതില്‍ ’ പഴമയുടെ സുഗന്ധം അല്പംപോലും കെട്ടുപോയിട്ടില്ല. വിളിപ്പെട്ട്-കൂക്കിവിളിച്ച് -ശവ്വാലിന്റെ വരവറിയിക്കുന്ന ദ്വീപുകാര്‍ക്ക് പെരുന്നാൾ കൂട്ടായ്മയുടെ ഉത്സവകാലമാണ്.കൂക്കിവിളി ദ്വീപുകാര്‍ക്ക് പരമ്പരാഗതമെന്നോണം കൈമാറികിട്ടിയതാണ്.വന്‍ക‌രയിലേക്ക് ചരക്കു തേടിപ്പോയ ഓടങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന്നൊടുവിൽ കടല്‍ പരപ്പിൽ ദൃശ്യമാകുന്നതോടെ ആളുകൾ കൂക്കി വിളിയിച്ചറിയിക്കുന്നു... ദൂരെ കടലിനു നടുവില്‍ ബ്രിട്ടീഷുകാരുടെ കപ്പലിന്റെ കൊടിയടയാളം ദൃശ്യമാകുമ്പോള്‍ തന്നെ തദ്ദേശവാസികൾ നാടുമുഴുവന്‍ കൂക്കിവിളിച്ച് അറീക്കുന്നു... പ്രതിരോധത്തിന്റെ കൂക്കൽ... അതുകൊണ്ടോക്കെയാണ് ഐശ്വര്യപൂര്‍ണ്ണമായ ഒരു സുദിനത്തിന്റെെ വരവ്‌ അറിയിക്കുന്നതും കൂക്കിവിളിച്ചാവുന്നത്.
ദ്വീപുകള്‍ തമ്മിൽ പരസ്പരം കാണാന്‍ പറ്റാത്തത്ര അകലമുള്ളത് കൊണ്ടാകാം ഓരോ ദ്വീപിലെയും ഉത്സവാഘോഷങ്ങളിൽ പലതരം വ്യത്യാസങ്ങള്‍ കണ്ടുവരുന്നു.ഏതെങ്കിലും ഒരു ദ്വീപിലെ ചന്ദ്രപ്പിറവിയെ ആശ്രയിച്ചല്ല മറ്റു ദ്വീപുകളിലെ പെരുന്നാളാഘോഷം.എല്ലായിടത്തും മാസപ്പിറവി ദൃശ്യമാകണം.ആഘോഷങ്ങളില്‍ ഓരോ ദ്വീപുകാരും അവരവരുടെ തനിമ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.സല്കാരപ്രിയന്മാരായ ആന്ത്രോത്തുകാരുടെ പെരുന്നാള്‍ വിഭവസമൃദ്ധമാണെങ്കിൽ നഗരവല്കരിക്കപ്പെടുന്ന കവരത്തിയിൽ പഴയ ആചാരങ്ങളും മാമൂലുകളും കൈവിടാതെ നോക്കുന്നു.കുടിയേറ്റ ദ്വീപായ കടമത്തിലാകട്ടെ ഒരുതരം മിശ്രസംസ്കാരം നിലനില്ക്കുന്നു.
മാസം കണ്ടുകഴിയുന്നതോടെ ദ്വീപുകള്‍ പെരുന്നാൾ തിരക്കിൽ അലിഞ്ഞു ചേരുകയായി... നാലുദിവസത്തോളം നീണ്ടുനില്ക്കുന്ന ആഘോഷങ്ങള്‍ .. ആതിഥ്യമര്യാദയില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്തവരായി ദ്വീപുകാരെ മാറ്റിയത്‌ പെരുന്നാൾ മുന്നോട്ടുവെച്ച മഹത്തായ സന്ദേശമായിരിക്കണം.രാത്രി മുതലേ ബന്ധുവീടുകള്‍ സന്ദര് ശിസച്ചുതുടങ്ങുകയായി.സ്തീകള്‍ ഫിത്വര്‍സ‍കാത്തിന്റെ അരി വിതരണം ചെയ്യുന്നു.കുട്ടികള്‍ തക്ബീർ സംഘങ്ങളായി നാടുച്ചുറ്റുന്നു.മുതിര്‍ന്നിവർ പള്ളികളിലേക്ക്...പള്ളികളില്‍ പാതിരവരെ നീളുന്ന ദിക്റുകള്‍ , മൌലൂദ്,റാത്തീബ്... ഒടുവില്‍ ഒരുമയുടെ ഒറ്റപ്പാത്രത്തില്‍ നിന്നും ഒന്നിച്ചിരുന്നുള്ള ‘ചീര്ണി’ കഴിക്കല്‍. കൂടിത്തിന്നല്‍ വയറിന്റെ കത്തലിനെയും മനസ്സിന്റെ പിരിമുറുക്കത്തെയും കെടുത്തുന്നു



പെരുന്നാള്‍ ദിനം പുലരുന്നതും പള്ളികളിലെ മൌലീദ് പാരായണത്തോടെയാണ്.ശേഷം മുഹ്‌യദ്ദീന്പള്ളി, ബദരര്‍പള്ളി തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള പള്ളികളിലെല്ലാം ഭക്ഷണവിതരണമുണ്ട്. പെരുന്നാള്‍ദിനത്തിൽ ഒരാളും പട്ടിണി കിടക്കരുതെന്ന ഉദാത്തമായ സന്ദേശം ഉയര്‍ത്തുന്നതാണ് ഇത്തരം ചീര്ണി വിതരണം.
ഇന്നത്തെ തലമുറയോടു താരതമ്യം ചെയ്യുമ്പോള്‍ ദ്വീപിലെ പഴയ തലമുറയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു.തേങ്ങയും മീനും മാത്രം കൈമുതലായുള്ള ഒരു സമൂഹത്തിനു ഉപ്പ് തൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വന്‍ രയെ ആശ്രയിക്കണം.ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മംഗലാപുരത്തെക്കും കോഴിക്കോട്ടേക്കും കൊപ്രയും കയറും മറ്റുമായി പോകുന്ന പായകെട്ടിയ ഓടങ്ങള്‍ മാത്രമാണ് ഒരു പ്രതീക്ഷ.ആഴ്ചകള്‍ നീളുന്ന യാത്രയ്ക്ക് ശേഷമാണ് ഓടം വന്‍കരയിലെത്തുക .മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന്നൊടുവില്‍ കരയില്‍ നിന്നും അരിയും ധാന്യങ്ങളും കയറ്റിവരുന്ന ഓടങ്ങള്‍ ആശ്വാസത്തിന്റെറ വെള്ളിയോടങ്ങളാകുന്നു. വര്‍ഷകാലമാണെങ്കിൽ സ്ഥിതി ഇതിലും ദയനീയം.ഒറ്റ ഓടവും കടലിലിറക്കാനാവില്ല.വറുതിയുടെ മാസങ്ങള്‍ ... ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയതുപോലും ദ്വീപുകാര്‍ അറിഞ്ഞത്‌ മൂന്നുമാസം കഴിഞ്ഞായിരുന്നു. മഴക്കാലമെല്ലാം കഴിഞ്ഞ് മംഗലാപുരത്തേക്ക് പോയ ഒരു ഓടം തിരിച്ചുവന്നത് രാജ്യത്തിന്റെ ത്രിവര്‍ണ്ണതപതാക പാറിച്ചുകൊണ്ടായിരുന്നു.


ഇതുകൊണ്ടെല്ലാം തന്നെയാണ് ദ്വീപിലെ പെരുന്നാൾ ആഘോഷത്തിനു മാറ്റുകൂടുന്നത്.വേനലിലെ മഴപോലെ കുളിര്‍മ്മയുള്ള അനുഭവമാക്കി പെരുന്നാളിനെ മാറ്റാന്‍ ദ്വീപ്‌ ജനത കിണഞ്ഞു പരിശ്രമിക്കുന്നു.ഇന്ന് യാത്ര-വാര്‍ത്താ വിനിമയ സൗകര്യങ്ങൾ വര്ദ്ധിച്ചു.യാത്രാ-ചരക്ക്‌ കപ്പലുകൾ എല്ലാ സീസണിലും ഓടിത്തുടങ്ങി. മൊബൈല്‍ഫോണിന്റെയും ഇന്റെര്‍നെറ്റിന്റെയും അനന്തസാധ്യതകൾ ദ്വീപിലെ പുതിയ തലമുറ രുചിച്ചു കഴിഞ്ഞു. എന്നിട്ടും പെരുന്നാളാഘോഷത്തിന്റെ നാട്ടുതനിമയ്ക്ക് യാതൊരു കോട്ടവും തട്ടാതെ നോക്കാന്‍ ദ്വീപുകാര്‍ക്ക് കഴിയുന്നു.
പെരുന്നാള്‍ദിനത്തിൽ വീടിന്റെ അകത്തളങ്ങളിലെ കുളിമുറികൾ വിട്ട് ആണുങ്ങള്‍ പള്ളിക്കുളങ്ങളിലെക്ക് പോകുന്നു.വിസ്തരിച്ച് നീന്തിക്കുളിച്ച് പെരുന്നാള്‍ നിസ്കാരത്തിലേക്കുള്ള തയ്യാറെടുപ്പ്‌. ‘പെരുന്നാള്കളി’യാല്‍ ഉന്‍മിഷിത്തരായ സമൂഹം പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് പള്ളികളിലെക്ക്.. പെരുന്നാള്‍ നിസ്ക്കാരം- ഏറ്റവും പവിത്രമായ പ്രാര്‍ത്ഥന.. ശേഷം വീടുകളില്‍ പ്രഭാതഭക്ഷണം. പത്തിരി, ഇറച്ചിപത്തിരി, കിലാഞ്ചി, പൂക്കുത്ത്, അപ്പം, മുക്കിപ്പൊരിച്ചത്, വെട്ടിപ്പൊരിച്ചത്, കല്തപ്പം, മുട്ടമാല, അച്ചപ്പം,റൊട്ടി, മീന്‍ ചേര്‍ത്തു ള്ള വിവിധതരം പലഹാരങ്ങള്‍ ... വിഭവങ്ങളാൽ സമൃദ്ധമാണ് പെരുന്നാള്‍ദിനം. കോഴിക്കോട്ടുകാരെ പോലെ ഇക്കാര്യത്തില്‍ ദ്വീപുകാർ കേമന്മാർ തന്നെ. ഉച്ചയ്ക്ക് ദ്വീപുബിരിയാണിയായ 'ഇറച്ചിച്ചോർ' ഇല്ലാതിരിക്കില്ല.
മലബാറിലെ പെരുന്നാളാഘോഷങ്ങളില്‍ നിന്ന് ദ്വീപിനെ വേര്‍തിരിക്കുന്ന പ്രധാനഘടകമാണ് ‘ദിക്ര്‍കാരുടെ വരവ്’. ഉച്ചയോടെ വിവിധ പള്ളികളില്‍ നിന്നും ദഫ്മുട്ട് സംഘങ്ങള്‍ യാത്ര തുടങ്ങുന്നു. ഇവര്‍ മുഹമ്മദ്‌ നബിയുടെയും ഔലിയാക്കളുടെയും (സൂഫിവര്യന്മാര്‍) വീരാപദാനങ്ങള്‍ പാടിപ്പുകഴ്ത്തി ദഫ്മുട്ടി വീടുവീടാന്തരം കയറിയിറങ്ങുന്നു.(റമദാന്‍ മുപ്പതു ദിവസവും പുലര്ച്ചെ മൂന്നു മണി മുതൽ നാലുമണിവരെ ദഫ്മുട്ടി ആളുകളെ ഉണര്‍ത്തുന്ന ‘അത്താളം വിളി’ക്കാര്‍ മറ്റൊരു സവിശേഷതയാണ്) നാല് ദിവസത്തോളം നീണ്ടുനില്ക്കുന്നതാണ് ദിക്ക്ര്‍കാരുടെ യാത്ര. കില്ത്താനില്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ, വിശ്രമമില്ലാത്ത യാത്രയാണെങ്കില്‍ കവരത്തിയിൽ ദിക്റുകാരുടെ വരവ് വൈകുന്നേരം മുതല്‍ പ്രഭാതം വരെയാണ്.പലയിടങ്ങളിലും ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കാണാം.ചെറിയ സംഘങ്ങളായി തുടങ്ങുന്ന യാത്ര രാത്രിയാകുന്നതോടെ വലിയ ജാഥയായി മാറുന്നു.വീടുകളില്‍ കുടിയേറിയ പിശാചുക്കളെ ആട്ടിയോടിക്കാന്‍ ദിക്റ്കാര്‍ വന്നു ‘ബെയ്ത്ത്’ (കീര്ത്ത്നങ്ങള്‍) ചോല്ലുന്നതോടെ സാധിക്കുമെന്നാണ് വിശ്വാസം. മുഹിയുദ്ദീന്‍ ഷെയ്ഖ്‌,റിഫായ് ഷെയ്ഖ്‌ എന്നിവരുടെ പേരിലുള്ള കീര്‍ത്തനങ്ങളാണ് പ്രധാനമായും ചൊല്ലുന്നത്.
‘’ ആറ്റല്‍വാലി ഷെയ്ഖ്‌ യാ അബ്ദുൽ ഖദീരെ...
ബന്നബാലകുല്ലും പോക്കിത്താ യാ ശേയ്ഖെ...’’
(ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട അബ്ദുല്‍ ഖാദര്‍ ശേയ്ഖെ...! വന്നുപെട്ട ആപത്തുകളെ ഇല്ലാതാക്കി തന്ന് ഞങ്ങളെ രക്ഷിക്കണേ..!)
പൊട്ടിയെ പുറത്താക്കി ശീപോതിയെ അകത്തിരുത്തുന്ന കേരളീയ ആചാരക്രമത്തിന്റെക ദ്വീപ്‌ മാതൃകയാണിത്‌. വീടുവീടാന്തരം കയറിയിറങ്ങുന്ന ദിക്റുകാരെ കാത്ത്‌ കുടുംബങ്ങള്‍ പുലരുവോളം കാത്തിരിക്കുന്നു. ക്രിസ്തുമസ് കരോളുകാരെ കാത്തിരിക്കുന്ന പോലെ.
പ്രവാചകന്മാരെയും ദിവ്യന്മാരെയും പുകഴ്ത്തിപ്പാടുന്ന കീര്‍ത്തനങ്ങളാണ് പ്രധാനം.ദഫ്മുട്ട് സംഘങ്ങള്ക്കൊ പ്പം ചിലയിടങ്ങളില്‍ കുത്ത്‌റാത്തീബുകാരുമുണ്ടാകും.അറബി, ഉറുദു ബെയ്ത്തുകളാണ് അധികവും. നാട്ടുഭാഷയിലും താളത്തിലുമുള്ള ബെയ്ത്തുകളുമുണ്ട്.പല ബെയ്ത്തുകളും ചൊല്ലിക്കേള്ക്കു മ്പോൾ കവാലിയുമായി നല്ല സാദൃശ്യം തോന്നും.മലബാറില്‍ പ്രചാരത്തിലുള്ള പല കീര്‍ത്ത്നങ്ങളും ദ്വീപിലെത്തുമ്പോൾ താളത്തിലും രീതിയിലും നീട്ടലും കുറുക്കലും കടന്നു വന്ന്‍ തനി ദ്വീപന്‍ ഉല്പന്നമായി മാറുന്നു.നാലാംദിവസം പ്രധാനപള്ളിയിൽ ദഫ്സംഘങ്ങൾ ഒരുമിച്ചുകൂടി ആഘോഷത്തിനു സമാപനം കുറിക്കുന്നു.കുത്ത്റാത്തീബ് ഇവിടെ മുഖ്യ ആചാരമാണ്.ശരീരത്തിന്റെക വിവിധഭാഗങ്ങളിൽ ശൂലംപോലെയുള്ള ആയുധങ്ങള്‍ കയറ്റി, ചൊല്ലുന്ന ബെയ്ത്തിന്റെ് താളത്തിലുള്ള നടത്തം പ്രധാനമാണ്. നാടോടി മെയ്‌ വഴക്കത്തിന്റെൂ ചെറുകിരണങ്ങൾ റാത്തീബ് സംഘങ്ങളുടെ ആചാരങ്ങളില്‍ ദൃശ്യമാകും.പള്ളിയില്‍ നിന്നുള്ള കൂടിത്തിന്നലോടെ പെരുന്നാളാഘോഷത്തിനു സമാപനമാകുന്നു.


ആന്ത്രോത്തുകാരെ പോലെ സല്കാരപ്രിയന്മാരുടെ നാടായ അമിനിയില്‍ ഒരു പെരുന്നാള്‍കാലത്ത്‌ അതിഥിയായി പോയത്‌ ഒരിക്കലും മറക്കാനാവില്ല.അമിനിക്കാരായ ഏതാനും വിദ്യാര്ഥി കളുടെയും കോളേജിലെ സഹപ്രവര്‍ത്തകരായ റഫീഖ്‌ മാഷിന്റെയും കാസ്മിക്കോയയുടെയും നിര്‍ബിന്ധപൂര്‍വ്വമുള്ള ക്ഷണമാണ് ഞങ്ങളെ (അധ്യാപക സുഹൃത്തുക്കളും ഉണ്ടായിരുന്നു) അമ്മിനിയിലെക്ക് ബോട്ട് കയറ്റിയത്.കോളേജ്‌ സ്ഥിതി ചെയ്യുന്ന ദ്വീപായ കടമത്ത് നിന്നും ഒരു മണിക്കൂര്‍ ബോട്ടിൽ സഞ്ചരിച്ചാണ്‌ അമിനിയിലെത്തിയത്. നിറഞ്ഞ ഹൃദയത്തോടെ ഒരു നാട് മുഴുവന്‍ ഞങ്ങളെ സല്കലരിച്ചു.പരിചിതരും അപരിചിതരുമായ ഒട്ടേറെപേർ വീടുകളിലേക്ക്‌ വിളിച്ചു കൊണ്ടുപോയി. കീലാഞ്ചിയും അപ്പത്തരങ്ങളും കഴിച്ച് രാവിലെ തന്നെ വയർ നിറഞ്ഞു. ഉച്ചയ്ക്ക് ദ്വീപുബിരിയാണി... സൌഹ്യദങ്ങൾപടര്‍ത്തി , സ്നേഹം പകര്ന്നുതന്ന നിറവയർ സല്കാരങ്ങള്‍ .. ഒന്നും കഴിക്കാതെ പോകാന്‍ ആരും സമ്മതിക്കുന്നില്ല.. ‘മതി’യെന്നു പറയാന്‍ പാടില്ലെന്നുള്ള സ്നേഹപൂര്‍വ്വമായ ശാസനകൾ. എല്ലാ വീട്ടില്‍ നിന്നും ഇച്ചിരിയെങ്കിലും കഴിച്ച് ആതിഥേയരെ സംതൃപ്തിപ്പെടുത്തി. വൈകുന്നേരമായതോടെ ഞങ്ങള്‍ അവശരായി. ഇങ്ങനെ ഒരു നിറപെരുന്നാള്‍ ജീവിതത്തിലൊരിക്കലും ഉണ്ടായിട്ടില്ല. ഞങ്ങൾ മാത്രമായിരുന്നില്ല ഇങ്ങനെ വീടുവീടാന്തരം കയറിയിറങ്ങിയത് എന്നതായിരുന്നു അവിടെ കണ്ട ഒരു സവിശേഷത . ആ നാട്ടുകാര്‍ മുഴുവന്‍ പെരുന്നാൾ ദിവസം അന്യോന്യം അതിഥികളായി സല്ക്കരിക്കപ്പെട്ടുകൊണ്ടിരുന്നു. ലോകത്തില്‍ എവിടെയും കാണാത്ത അപൂര്‍വ്വ കാഴ്ച്ച! എല്ലാവീടുകളിലും മുറുക്കാനും സിഗരറ്റും ഒരു താലത്തില്‍ വെച്ചിട്ടുണ്ടായിരിക്കും. അന്നേദിവസം വീട്ടിലെ കുട്ടികള്‍ക്ക് ‌ വരെ സിഗരറ്റ് വലിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.വൈകുന്നേരം കടപ്പുറത്ത്‌ ചെന്നപ്പോള്‍ സിഗരറ്റ്‌ വലിച്ചു നടക്കുന്ന കുട്ടികളെ കണ്ട് ചിരിവന്നു... ലോകം മുഴുവന്‍ കീഴടക്കിയ മട്ടിലാണ് അവർ പുകവലിച്ചു തള്ളിയത്‌. വൈകുന്നേരം ബദർ പള്ളിയില്‍ കുത്ത്റാത്തീബ് കാണാന്‍ പോയി.



ബന്ധുവീടുകളും അയൽവീടുകളും സന്ദര്‍ശിക്കലും എല്ലായിടങ്ങളിൽ നിന്നും ചെറുതായിട്ടെങ്കിലും ഭക്ഷണം കഴിക്കലും ദ്വീപുകാരുടെ പെരുന്നാൾ ദിനത്തില്‍ സുപ്രധാനമായ കാര്യമാണ്.വൈകുന്നേരങ്ങളിൽ സ്ത്രീകളും കുട്ടികളും കടപ്പുറത്ത്‌ ഒരുമിച്ചുകൂടി സൗഹൃദങ്ങൾ പങ്കുവെക്കലും പതിവാണ്.
കൂട്ടുചേരലിന്റെ മഹത്തായ സന്ദേശമാണ് ദ്വീപ്ജനതയ്ക്ക് പെരുന്നാള്‍ .സ്നേഹവും സൗഹൃദവും ഭക്ഷണവും പരസ്പരം പങ്കുവെക്കുന്ന ഉദാത്തമായ ആഘോഷം.ഒരുമയുടെ ഉത്സവകാലം,അവര്‍ പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയും ആഘോഷിച്ച്, കടല്പരരപ്പിന്റെ വിശാലതയ്ക്ക് മുകളില്‍ അതിജീവനത്തിന്റെു സംഘഗാനം മുഴക്കുന്നു; പഴമയുടെ തനിമ ചോര്‍ന്നു പോകാതെ.

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കൃഷ്ണസന്നിധിയില്‍ ഒരു നോമ്പുതുറ


കഴിഞ്ഞ റംസാന്‍ കാലത്താണ് ഞാന്‍ അമ്പലപ്പുഴ ഗവണ്മെന്‍റ് കോളേജില്‍ അധ്യപനായി ജോയിന്‍ചെയ്യുന്നത്.ഒരു പഴയ ലോഡ്ജില്‍ താല്‍കാലിക താമസസൗകര്യം കിട്ടി.വീട്ടിലെ നോമ്പുതുറ വിഭവങ്ങളെ മനസ്സില്‍ ധ്യാനിച്ച് അമ്പലപ്പുഴയിലെ ഹോട്ടലുകളില്‍ പോയി എല്ലാദിവസവും നോമ്പുതുറന്നു.കാര്യങ്ങള്‍ അങ്ങനെ വലിയ കുഴപ്പമില്ലാതെ നീങ്ങിക്കൊണ്ടിരിക്കെയാണ് വളരെ അപ്രതീക്ഷിതമായി ആലപ്പുഴയില്‍ അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടത്‌.ഉച്ച കഴിഞ്ഞിട്ടും കടകളൊന്നും തുറക്കുന്ന ലക്ഷണമില്ല.നോമ്പ്‌ തുറക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.വൈകുന്നെരമായിട്ടും ഹോട്ടലുകള്‍ തുറന്നില്ലെങ്കിലുള്ള അവസ്ഥയോര്‍ത്ത് ബേജാറായി.നാലുമണിയായി,ഒരു ലക്ഷണവും കാണുന്നില്ല.നാല്‍പത്തിയെട്ടു മണിക്കൂര്‍ നോമ്പെടുക്കുന്നതും മനസ്സിലോര്‍ത്ത്‌ റൂമില്‍ മലര്‍ന്നു കിടക്കുമ്പോഴാണ് അമ്പലപ്പുഴയിലെ എന്‍റെ ഏക സുഹൃത്ത് റിജികൃഷ്ണന്‍ വന്ന് വാതിലില്‍ തട്ടിയത്‌. അവന്‍ പറഞ്ഞു:

''വാ.. വീട്ടില്‍ പോകാം. നോമ്പ്‌ തുറക്കണ്ടേ...!''

ദൈവദൂതനായ റിജിയുടെ പിന്നാലെ ഞാന്‍ നടന്നു.മത്സ്യത്തൊഴിലാളിയായ അവന്‍റെ അച്ഛന്‍, ഹര്‍ത്താലായതുകൊണ്ട്‌ വീട്ടിലുണ്ടായിരുന്നു.അച്ഛനുമായി അമ്പലപ്പുഴ പാല്പായസത്തെ കുറിച്ചും വിസ്മൃതമാകുന്ന ചാകരക്കാലത്തെ കുറിച്ചും സംസാരിച്ചിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല.പൂജാമുറിയില്‍ വിളക്ക് കൊളുത്തിയ ശേഷം റിജിയുടെ അമ്മ വന്ന് പറഞ്ഞു: ''ബാങ്ക് വിളിക്കാന്‍ സമയമായി''. എന്നേക്കാള്‍ കൃത്യതയോടെ അവര്‍ ബാങ്കിന്‍റെ സമയം മനസ്സിലാക്കിയിരിക്കുന്നു.

ഒരു വലിയ ഗ്ലാസ്സില്‍ ഇളംനീര്‍ കൊണ്ട്തന്നു. ആ കുടുംബത്തെയും അല്ലാഹുവിനെയും നിറകണ്ണുകളോടെ സ്തുതിച്ച് ഞാന്‍ നോമ്പ് തുറന്നു.എന്‍റെ വീട്ടിലുണ്ടാകുന്നതിലും അപ്പുറമുള്ള റംസാന്‍ വിഭവങ്ങള്‍ കണ്ട് അമ്പരന്നു.കടകള്‍ തുറക്കാത്ത ദിവസമായിട്ടും അവര്‍ എനിക്ക് വേണ്ടി എവിടുന്നോക്കെയോ ഫ്രൂട്സ് വരെ എത്തിച്ചിട്ടുണ്ടായിരുന്നു.പലഹാരങ്ങള്‍ വേറെ.അതിലപ്പുറം എന്നെ ഞെട്ടിച്ചത് ആ അമ്മ ഉണ്ടാക്കിത്തന്ന 'തരിക്കഞ്ഞി'യായിരുന്നു.നാട്ടില്‍ നിന്ന് മാത്രം കുടിച്ചിട്ടുള്ള തരിക്കഞ്ഞി എത്ര സ്വാദിഷ്ടമായാണ് അവര്‍ ഉണ്ടാക്കിയിരിക്കുന്നത്.ചപ്പാത്തിയ്ക്കും ഇറച്ചിക്കറിയ്ക്കും പറഞ്ഞറിയിക്കാനാവാത്ത രുചിയുണ്ടായിരുന്നു.കണ്ണും ഹൃദയവും വയറും ഒരുപോലെ നിറഞ്ഞ മറ്റൊരു നോമ്പുതുറ ജീവതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.ഇനി ഉണ്ടായിക്കൊള്ളണമെന്നുമില്ല.രാത്രി മടങ്ങുമ്പോള്‍ റിജിയുടെ കയ്യില്‍ അമ്മ എനിക്കുള്ള അത്താഴം കൂടി പൊതിഞ്ഞു നല്‍കിയിരുന്നുവന്ന് ഞാന്‍ അറിയുന്നത് റൂമിലെത്തിയപ്പോഴാണ്.

ശൊല്ലിക്കൊടു തല്ലിക്കൊടു തള്ളിക്കള !


ലക്ഷദ്വീപിലെ വാമോഴിവഴക്കമായ 'ജസരി', പ്രയോഗത്തില്‍ തനത് സ്വത്വം നിലനിര്‍ത്തുമ്പോള്‍ തന്നെ മലയാളത്തിലേക്കുള്ള അതിന്റെ കൈവഴി എപ്പോഴും തുറന്നിടാറുണ്ട്.മറ്റെല്ലാ ഭാഷകളിലേയും പോലെ ദ്വീപ്‌ മൊഴിയിലും ധാരാളം പഴഞ്ചൊല്ലുകളും ശൈലികളും കടങ്കഥകളും പ്രചാരത്തിലുണ്ട്...ലക്ഷദ്വീപിന്‍റെ സാംസ്കാരിക അപഗ്രഥനത്തിന് ഏറെ സഹായകമാകുന്ന അവയില്‍ ചിലതിനെ ചര്‍ച്ചയ്ക്ക് വെക്കുന്നു...

1.ആണായാല്‍ അരയ്ക്കൊരു കത്തി, ഫെണ്ണായാല്‍ കൈക്കുരു കുറടു

( കുറടു =ചകിരി തല്ലാനുള്ള വടി )

2.മീം കണ്ടാല്‍ മുക്കോനും കണ്‍ കാണാ

(മീം= മീന്‍, മുക്കോന്‍ =മുക്കുവന്‍)

3.ശുക്കാം ഇല്ലാത്ത ഓടം ഫോലെ

( ശുക്കാം= ചുക്കാന്‍ , ഓടം= വള്ളം )

4.ഈഞ്ചുകാക്കെക്കു ലബ്ബൂസ് കിട്ട്യേഫോലെ

(ഈഞ്ചുകാക്ക= ഒരു പേര്, ലബ്ബൂസ്= റാത്തീബിനു ഉപയോഗിക്കുന്ന ഉപകരണം)

5.ഇളംബീല്‍ തടിക്കാക, ഇളംതേങ്ങ കറിക്കാക,ഫളേ ബേലി കൃഷിക്കാക,ഫളേ ആള്‍ ഫടക്കാക

( ഇളംബീല്‍= ഇളം വെയ്ല്‍ , ഫളേ = പഴയ , ഫട= പട )

6.ഏറെപ്പോയാല്‍ കാറിപ്പോകും

7.കണ്ടാല്‍ ബീക്കുട്ടിമായി, കാണാഞ്ഞാല്‍ ബീക്കുട്ടിതാത്ത

8.തോണി കാട്ടി ഏറാഞ്ഞാല്‍ ബയ്യെ ന്നീന്തിയേറെണ്ടിബരും

(ഏറാഞ്ഞാല്‍= കയറാഞ്ഞാല്‍ , ബയ്യെ= പയ്യെ , യെറീണ്ടിബരും= കയറേണ്ടി വരും)

9.ശൊല്ലിക്കൊടു തല്ലിക്കൊടു തള്ളിക്കള
(ശൊല്ലിക്കൊടു= ആദ്യം പറഞ്ഞു കൊടുക്കുക,തല്ലിക്കൊടു= പിന്നെ തല്ലുക , എന്നിട്ടും അനുസരിച്ചില്ലേല്‍ തള്ളിക്കളയുക )

10.കുഞ്ഞിക്കുരു കുപ്പേയിട്ടാലും മങ്ങാ

(കുഞ്ഞിക്കുരു = കുന്നിക്കുരു, കുപ്പേയിട്ടാലും= കുപ്പയിലിട്ടാലും, മങ്ങാ= മങ്ങില്ല)

കടങ്കഥകള്‍ ഇതിലും രസകരമായിതോന്നും അവയില്‍ ചിലത്


''ഉരു കുഞ്ഞി ഇപ്പോഴും കരേണ്ട..''

(ഒരു കുഞ്ഞ് എപ്പോഴും കരയുന്നു)-- കടല്‍

''ഉരു കാക്കെക്കു എപ്പോളും ആറു തലേക്കെട്ടു''

(ഒരു കാക്കായ്ക്ക് എപ്പോഴും ആറു തലേക്കെട്ട്)-- മച്ചിങ്ങ

''കാട്ടുപെട്ടിക്കു മൂടില്ല''--കുളം

''കുഞ്ഞിക്കുഞ്ഞി മക്കക്കെല്ലാം ബെള്ള ബെള്ള കുപ്പായം''-- വെളുത്തുള്ളി

''ബിളുത്ത കണ്ടത്തില്‍ കറുത്തമുത്തിട്ടു,കണ്‍കൊണ്ടു നോക്കി ബാ കൊണ്ടു കൊയ്തു-- എഴുത്തും വായനയും

(ബിളുത്ത- വെളുത്ത,ബാ-വായ്‌)

വിശ്വസിച്ചാലും ഇല്ലെങ്കിലും !


പണ്ടൊരിക്കല്‍ ഉപ്പ കൃഷിയാപ്പീസില്‍ നിന്നും കൊണ്ടുകൊണ്ടുവന്നതാണ് ഞങ്ങളുടെ വീട്ടുമുറ്റത്ത് ഇന്ന് പടര്‍ന്ന്‍ പന്തലിച്ചു നില്‍ക്കുന്ന മാതോളിനാരങ്ങ എന്ന കമ്പിളിനാരങ്ങ മരം .ഒന്ന് പൂവിടാതെ, ഒരു മധുരം പോലും കായ്ക്കാതെ ഏറെക്കാലം മേല്‍ക്കൂരയ്ക്ക് മേല്‍ ചാഞ്ഞുനിന്ന ഈ മരം വെട്ടിമാറ്റാന്‍ എല്ലാവരും ഞങ്ങളെ നിര്‍ബന്ധിച്ചു.പക്ഷെ വീട്ടിലെ കൊച്ചുകുട്ടികള്‍ നാരങ്ങ മധുരം ഏറെ കൊതിച്ചുപോയി...

ഒരിക്കല്‍ വീട്ടിലേക്ക്‌ വിരുന്നുവന്ന ഒരു ബന്ധു ഉമ്മയോട് പറഞ്ഞു: '' ചെയ്ത്താന്റെ കോപമാണ് ഈ പടര്‍ന്നുനില്‍ക്കുന്നത്,മാതളം കായ്ക്കണേല്‍ മരത്തടിയില്‍ മൂന്ന്‍ ആണിയടിച്ചു കയറ്റണം..''

ഉമ്മ മറ്റൊന്നും ചിന്തിച്ചില്ല. അന്ന് തന്നെ നാരങ്ങാമരത്തില്‍ ആണിയടിച്ച്കയറ്റി.വര്‍ഷം ഒന്ന് കഴിഞ്ഞു .. ഇപ്പോഴിതാ ഞങ്ങളുടെ മാതളനാരകം നിറഞ്ഞു കായ്ച്ചിരിക്കുന്നു.. ഞങ്ങളൊന്നിച്ച് കഴിഞ്ഞദിവസം കന്നിഫലത്തിന്റെ രുചി പകുത്തെടുക്കുമ്പോള്‍ വായിലൂറി വന്ന പുളിമധുരം നുണഞ്ഞുകൊണ്ട് ഉമ്മ പറഞ്ഞു:

'' തിന്നോ.... തിന്നോ....! ചെയ്ത്താനെ ആണിയടിച്ചു താഴ്ത്തിയത് കൊണ്ട് കിട്ടിയതാ...! ''



നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ചടത്തോളം ഇതൊരു നേരിട്ടറിഞ്ഞ സത്യമാണ്.. ആണിയടിച്ചുണ്ടായ മാതളത്തിന്റെ പടം ഇതിനൊപ്പം പോസ്റ്റ്‌ ചെയ്യുന്നു...

ആണിയടിയുടെ ശാസ്ത്രീയത എന്ത് തന്നെയായാലും എന്റെയുമ്മ അത് വിശ്വസിക്കില്ല..!

'കൂത്തിച്ചി' ഒരു ഗ്രീക്ക് പദമാണ്..!


ഒരാഴ്ചയായി കേരളായൂണിവേഴ്സിറ്റിയുടെ രണ്ടാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണ്ണയ ക്യാമ്പിലാണ്.. ഉത്തരക്കടലാസുകളില്‍ ഒളിഞ്ഞിരുന്ന ചില വിശേഷങ്ങള്‍ കണ്ട് അറിയാതെ ഗ്രേഡുകള്‍ പോലും പൊട്ടിച്ചിരിച്ചു! അവയില്‍ ചിലത് ഗ്രേഡിടാതെ പോസ്റ്റ്‌ ചെയ്യുന്നു.

പേപ്പര്‍ - ഗദ്യസാഹിത്യം

ചോദ്യം:ആണ്ടിമലയനെ പറ്റി പൂക്കുഞ്ഞിബീയുടെ ഓര്‍മ്മയിലുള്ളതെന്തെല്ലാം?(സ്മാരകശിലകള്‍ )

''ആണ്ടിമല വളരെ സുന്ദരമായ ഒരു മലയാണ്.പൂക്കുഞ്ഞിബീ അവിടെ ചെല്ലുമ്പോഴെല്ലാം തുമ്പികള്‍ വട്ടമിട്ടു പറക്കാരുണ്ട്.വീട്ടിലിരുന്ന് ജനല്‍ വഴി അവള്‍ എന്നും ആണ്ടിമല നോക്കിയിരിക്കാറുണ്ട്''

ചോദ്യം:റബ്ബര്‍ മൂങ്ങയുടെ സവിശേഷതയെന്ത്‌? (നിന്റെ ഓര്‍മ്മയ്ക്ക് )

''നാട്ടിന്‍പുറത്ത് കാണുന്ന സാധാരണ മൂങ്ങകളെ പോലെയല്ല രബ്ബര്‍മൂങ്ങ.പകല്‍ സമയത്താണ് ഇവയുടെ സഞ്ചാരം.റബ്ബര്‍ മരങ്ങളില്‍ മാത്രം താമസിക്കാറുള്ള ഇവ എം.ടി യുടെ വീട്ടില്‍ ധാരാളമുണ്ട്''

ചോദ്യം: കൂത്തിച്ചി എന്ന വാക്കിന്റെ നിഷ്പത്തിയെങ്ങനെ ?

'' കൂത്തിച്ചി എന്നത് ഒരു ഗ്രീക്ക് പദമാണ്. മലയാളികള്‍ അത് മോശമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ച് നശിപ്പിച്ചതാണ്''

ചിരിക്കാന്‍ വക ഇനിയുമുണ്ട്‌ അത് ചോദ്യപേപ്പറില്‍ തന്നെയാണ്

1.അയാള്‍ എന്ന കഥാപാത്രം ഏറ്റവും കൂടുതലുള്ളത്‌ ആരുടെ കഥകളിലാണ് ?

എണ്ണിതിട്ടപ്പെടുത്തിയില്ല ഒരു നിരൂപകനും എന്നെഴുതിയ മിടുക്കനായ കുട്ടിക്ക്‌ എനിക്ക് 'എ'ഗ്രേഡ്‌ കൊടുക്കാനായില്ല. കാരണം ഉത്തരസൂചികയില്‍ ടി.പത്മനാഭന്‍ എന്നെഴുതി വെച്ചിട്ടുണ്ടായിരുന്നു...!

ഗാന്ധാരി കല്യാണസൌഗന്ധികം ആവശ്യപ്പെട്ടത്രേ ..!

നമ്പ്യാരുടെ 'കല്യാണസൌഗന്ധിക'ത്തിന് കേരളായൂണിവേഴ്സിറ്റിയുടെ പുതിയ വ്യാഖ്യാനം.. ഭീമസേനനോടു കല്യാണസൌഗന്ധികം ആവശ്യപ്പെട്ടത് ഗാന്ധാരിയാണത്രേ..! മൂന്നാം സെമസ്റ്റര്‍ ബി എ/ ബി എസ് സി അഡീഷണല്‍ ലാംഗ്വേജ് മലയാളം, 'ദൃശ്യകലാസാഹിത്യം' എന്ന പുസ്തകത്തിലാണു ഈ പുതിയ വ്യാഖ്യാനമുള്ളത്‌. ഗാന്ധാരിയെക്കൊണ്ട് കല്യാണസൌഗന്ധികം നിറഞ്ഞതിനാല്‍ സര്‍വ്വകലാശാലയ്ക്ക് ഈ പുസ്തകം റീ പ്രിന്‍റ് ചെയ്യേണ്ടിവന്നു.എന്നിട്ടും ഗാന്ധാരി ഇനിയും ബാക്കി നില്‍ക്കുന്നു; തീരാത്ത വിലാപമായ്‌ :

''പാണ്ഡവന്മാരുടെ വനവാസക്കാലത്ത് 'ഗാന്ധാരി' സൗഗന്ധികപുഷ്പഗന്ധത്താല്‍ ആകൃഷ്ടയാകുന്നതും പുഷ്പലാഭത്തിനു ഭീമസേനനെ സമീപിക്കുന്നതും ഭീമന്‍ പൂവ് തേടിപ്പോകുന്നതും ഹനുമാന്‍ ഭീമന്റെ ദര്‍പ്പമടക്കുന്നതും പൂവ്നേടി ഭീമന്‍ തിരിച്ചെത്തുന്നതുമാണ് കല്യാണസൌഗന്ധികത്തിന്‍റെ ഇതിവൃത്തം''

പാവം പാഞ്ചാലി!!!!

ഇത് കല്യാണസൌഗന്ധികമല്ല പാഞ്ചാലിവധം ആട്ടക്കഥയാണ്.

എത്ര ലാഘവത്തോടെയാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ ടെക്സ്റ്റ്‌ബുക്കുകള്‍ തയ്യാറാക്കുന്നത് ? ഈ പഠനക്കുറിപ്പ് തയ്യാറാക്കിയ പണ്ഡിതന്‍ കുറേക്കൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു..? ആ മാന്യദേഹത്തിന്‍റെ പേരിന്‍റെ കൂടെയുള്ള ഡോക്ടര്‍ , ഒരു വൈദ്യശാസ്ത്ര പദവിയായിരിക്കാമെന്ന് സമാധാനിക്കാം. അല്ലാതെന്തു ചെയ്യാം...!