2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കൃഷ്ണസന്നിധിയില്‍ ഒരു നോമ്പുതുറ


കഴിഞ്ഞ റംസാന്‍ കാലത്താണ് ഞാന്‍ അമ്പലപ്പുഴ ഗവണ്മെന്‍റ് കോളേജില്‍ അധ്യപനായി ജോയിന്‍ചെയ്യുന്നത്.ഒരു പഴയ ലോഡ്ജില്‍ താല്‍കാലിക താമസസൗകര്യം കിട്ടി.വീട്ടിലെ നോമ്പുതുറ വിഭവങ്ങളെ മനസ്സില്‍ ധ്യാനിച്ച് അമ്പലപ്പുഴയിലെ ഹോട്ടലുകളില്‍ പോയി എല്ലാദിവസവും നോമ്പുതുറന്നു.കാര്യങ്ങള്‍ അങ്ങനെ വലിയ കുഴപ്പമില്ലാതെ നീങ്ങിക്കൊണ്ടിരിക്കെയാണ് വളരെ അപ്രതീക്ഷിതമായി ആലപ്പുഴയില്‍ അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടത്‌.ഉച്ച കഴിഞ്ഞിട്ടും കടകളൊന്നും തുറക്കുന്ന ലക്ഷണമില്ല.നോമ്പ്‌ തുറക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.വൈകുന്നെരമായിട്ടും ഹോട്ടലുകള്‍ തുറന്നില്ലെങ്കിലുള്ള അവസ്ഥയോര്‍ത്ത് ബേജാറായി.നാലുമണിയായി,ഒരു ലക്ഷണവും കാണുന്നില്ല.നാല്‍പത്തിയെട്ടു മണിക്കൂര്‍ നോമ്പെടുക്കുന്നതും മനസ്സിലോര്‍ത്ത്‌ റൂമില്‍ മലര്‍ന്നു കിടക്കുമ്പോഴാണ് അമ്പലപ്പുഴയിലെ എന്‍റെ ഏക സുഹൃത്ത് റിജികൃഷ്ണന്‍ വന്ന് വാതിലില്‍ തട്ടിയത്‌. അവന്‍ പറഞ്ഞു:

''വാ.. വീട്ടില്‍ പോകാം. നോമ്പ്‌ തുറക്കണ്ടേ...!''

ദൈവദൂതനായ റിജിയുടെ പിന്നാലെ ഞാന്‍ നടന്നു.മത്സ്യത്തൊഴിലാളിയായ അവന്‍റെ അച്ഛന്‍, ഹര്‍ത്താലായതുകൊണ്ട്‌ വീട്ടിലുണ്ടായിരുന്നു.അച്ഛനുമായി അമ്പലപ്പുഴ പാല്പായസത്തെ കുറിച്ചും വിസ്മൃതമാകുന്ന ചാകരക്കാലത്തെ കുറിച്ചും സംസാരിച്ചിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല.പൂജാമുറിയില്‍ വിളക്ക് കൊളുത്തിയ ശേഷം റിജിയുടെ അമ്മ വന്ന് പറഞ്ഞു: ''ബാങ്ക് വിളിക്കാന്‍ സമയമായി''. എന്നേക്കാള്‍ കൃത്യതയോടെ അവര്‍ ബാങ്കിന്‍റെ സമയം മനസ്സിലാക്കിയിരിക്കുന്നു.

ഒരു വലിയ ഗ്ലാസ്സില്‍ ഇളംനീര്‍ കൊണ്ട്തന്നു. ആ കുടുംബത്തെയും അല്ലാഹുവിനെയും നിറകണ്ണുകളോടെ സ്തുതിച്ച് ഞാന്‍ നോമ്പ് തുറന്നു.എന്‍റെ വീട്ടിലുണ്ടാകുന്നതിലും അപ്പുറമുള്ള റംസാന്‍ വിഭവങ്ങള്‍ കണ്ട് അമ്പരന്നു.കടകള്‍ തുറക്കാത്ത ദിവസമായിട്ടും അവര്‍ എനിക്ക് വേണ്ടി എവിടുന്നോക്കെയോ ഫ്രൂട്സ് വരെ എത്തിച്ചിട്ടുണ്ടായിരുന്നു.പലഹാരങ്ങള്‍ വേറെ.അതിലപ്പുറം എന്നെ ഞെട്ടിച്ചത് ആ അമ്മ ഉണ്ടാക്കിത്തന്ന 'തരിക്കഞ്ഞി'യായിരുന്നു.നാട്ടില്‍ നിന്ന് മാത്രം കുടിച്ചിട്ടുള്ള തരിക്കഞ്ഞി എത്ര സ്വാദിഷ്ടമായാണ് അവര്‍ ഉണ്ടാക്കിയിരിക്കുന്നത്.ചപ്പാത്തിയ്ക്കും ഇറച്ചിക്കറിയ്ക്കും പറഞ്ഞറിയിക്കാനാവാത്ത രുചിയുണ്ടായിരുന്നു.കണ്ണും ഹൃദയവും വയറും ഒരുപോലെ നിറഞ്ഞ മറ്റൊരു നോമ്പുതുറ ജീവതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.ഇനി ഉണ്ടായിക്കൊള്ളണമെന്നുമില്ല.രാത്രി മടങ്ങുമ്പോള്‍ റിജിയുടെ കയ്യില്‍ അമ്മ എനിക്കുള്ള അത്താഴം കൂടി പൊതിഞ്ഞു നല്‍കിയിരുന്നുവന്ന് ഞാന്‍ അറിയുന്നത് റൂമിലെത്തിയപ്പോഴാണ്.

ശൊല്ലിക്കൊടു തല്ലിക്കൊടു തള്ളിക്കള !


ലക്ഷദ്വീപിലെ വാമോഴിവഴക്കമായ 'ജസരി', പ്രയോഗത്തില്‍ തനത് സ്വത്വം നിലനിര്‍ത്തുമ്പോള്‍ തന്നെ മലയാളത്തിലേക്കുള്ള അതിന്റെ കൈവഴി എപ്പോഴും തുറന്നിടാറുണ്ട്.മറ്റെല്ലാ ഭാഷകളിലേയും പോലെ ദ്വീപ്‌ മൊഴിയിലും ധാരാളം പഴഞ്ചൊല്ലുകളും ശൈലികളും കടങ്കഥകളും പ്രചാരത്തിലുണ്ട്...ലക്ഷദ്വീപിന്‍റെ സാംസ്കാരിക അപഗ്രഥനത്തിന് ഏറെ സഹായകമാകുന്ന അവയില്‍ ചിലതിനെ ചര്‍ച്ചയ്ക്ക് വെക്കുന്നു...

1.ആണായാല്‍ അരയ്ക്കൊരു കത്തി, ഫെണ്ണായാല്‍ കൈക്കുരു കുറടു

( കുറടു =ചകിരി തല്ലാനുള്ള വടി )

2.മീം കണ്ടാല്‍ മുക്കോനും കണ്‍ കാണാ

(മീം= മീന്‍, മുക്കോന്‍ =മുക്കുവന്‍)

3.ശുക്കാം ഇല്ലാത്ത ഓടം ഫോലെ

( ശുക്കാം= ചുക്കാന്‍ , ഓടം= വള്ളം )

4.ഈഞ്ചുകാക്കെക്കു ലബ്ബൂസ് കിട്ട്യേഫോലെ

(ഈഞ്ചുകാക്ക= ഒരു പേര്, ലബ്ബൂസ്= റാത്തീബിനു ഉപയോഗിക്കുന്ന ഉപകരണം)

5.ഇളംബീല്‍ തടിക്കാക, ഇളംതേങ്ങ കറിക്കാക,ഫളേ ബേലി കൃഷിക്കാക,ഫളേ ആള്‍ ഫടക്കാക

( ഇളംബീല്‍= ഇളം വെയ്ല്‍ , ഫളേ = പഴയ , ഫട= പട )

6.ഏറെപ്പോയാല്‍ കാറിപ്പോകും

7.കണ്ടാല്‍ ബീക്കുട്ടിമായി, കാണാഞ്ഞാല്‍ ബീക്കുട്ടിതാത്ത

8.തോണി കാട്ടി ഏറാഞ്ഞാല്‍ ബയ്യെ ന്നീന്തിയേറെണ്ടിബരും

(ഏറാഞ്ഞാല്‍= കയറാഞ്ഞാല്‍ , ബയ്യെ= പയ്യെ , യെറീണ്ടിബരും= കയറേണ്ടി വരും)

9.ശൊല്ലിക്കൊടു തല്ലിക്കൊടു തള്ളിക്കള
(ശൊല്ലിക്കൊടു= ആദ്യം പറഞ്ഞു കൊടുക്കുക,തല്ലിക്കൊടു= പിന്നെ തല്ലുക , എന്നിട്ടും അനുസരിച്ചില്ലേല്‍ തള്ളിക്കളയുക )

10.കുഞ്ഞിക്കുരു കുപ്പേയിട്ടാലും മങ്ങാ

(കുഞ്ഞിക്കുരു = കുന്നിക്കുരു, കുപ്പേയിട്ടാലും= കുപ്പയിലിട്ടാലും, മങ്ങാ= മങ്ങില്ല)

കടങ്കഥകള്‍ ഇതിലും രസകരമായിതോന്നും അവയില്‍ ചിലത്


''ഉരു കുഞ്ഞി ഇപ്പോഴും കരേണ്ട..''

(ഒരു കുഞ്ഞ് എപ്പോഴും കരയുന്നു)-- കടല്‍

''ഉരു കാക്കെക്കു എപ്പോളും ആറു തലേക്കെട്ടു''

(ഒരു കാക്കായ്ക്ക് എപ്പോഴും ആറു തലേക്കെട്ട്)-- മച്ചിങ്ങ

''കാട്ടുപെട്ടിക്കു മൂടില്ല''--കുളം

''കുഞ്ഞിക്കുഞ്ഞി മക്കക്കെല്ലാം ബെള്ള ബെള്ള കുപ്പായം''-- വെളുത്തുള്ളി

''ബിളുത്ത കണ്ടത്തില്‍ കറുത്തമുത്തിട്ടു,കണ്‍കൊണ്ടു നോക്കി ബാ കൊണ്ടു കൊയ്തു-- എഴുത്തും വായനയും

(ബിളുത്ത- വെളുത്ത,ബാ-വായ്‌)

വിശ്വസിച്ചാലും ഇല്ലെങ്കിലും !


പണ്ടൊരിക്കല്‍ ഉപ്പ കൃഷിയാപ്പീസില്‍ നിന്നും കൊണ്ടുകൊണ്ടുവന്നതാണ് ഞങ്ങളുടെ വീട്ടുമുറ്റത്ത് ഇന്ന് പടര്‍ന്ന്‍ പന്തലിച്ചു നില്‍ക്കുന്ന മാതോളിനാരങ്ങ എന്ന കമ്പിളിനാരങ്ങ മരം .ഒന്ന് പൂവിടാതെ, ഒരു മധുരം പോലും കായ്ക്കാതെ ഏറെക്കാലം മേല്‍ക്കൂരയ്ക്ക് മേല്‍ ചാഞ്ഞുനിന്ന ഈ മരം വെട്ടിമാറ്റാന്‍ എല്ലാവരും ഞങ്ങളെ നിര്‍ബന്ധിച്ചു.പക്ഷെ വീട്ടിലെ കൊച്ചുകുട്ടികള്‍ നാരങ്ങ മധുരം ഏറെ കൊതിച്ചുപോയി...

ഒരിക്കല്‍ വീട്ടിലേക്ക്‌ വിരുന്നുവന്ന ഒരു ബന്ധു ഉമ്മയോട് പറഞ്ഞു: '' ചെയ്ത്താന്റെ കോപമാണ് ഈ പടര്‍ന്നുനില്‍ക്കുന്നത്,മാതളം കായ്ക്കണേല്‍ മരത്തടിയില്‍ മൂന്ന്‍ ആണിയടിച്ചു കയറ്റണം..''

ഉമ്മ മറ്റൊന്നും ചിന്തിച്ചില്ല. അന്ന് തന്നെ നാരങ്ങാമരത്തില്‍ ആണിയടിച്ച്കയറ്റി.വര്‍ഷം ഒന്ന് കഴിഞ്ഞു .. ഇപ്പോഴിതാ ഞങ്ങളുടെ മാതളനാരകം നിറഞ്ഞു കായ്ച്ചിരിക്കുന്നു.. ഞങ്ങളൊന്നിച്ച് കഴിഞ്ഞദിവസം കന്നിഫലത്തിന്റെ രുചി പകുത്തെടുക്കുമ്പോള്‍ വായിലൂറി വന്ന പുളിമധുരം നുണഞ്ഞുകൊണ്ട് ഉമ്മ പറഞ്ഞു:

'' തിന്നോ.... തിന്നോ....! ചെയ്ത്താനെ ആണിയടിച്ചു താഴ്ത്തിയത് കൊണ്ട് കിട്ടിയതാ...! ''



നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ചടത്തോളം ഇതൊരു നേരിട്ടറിഞ്ഞ സത്യമാണ്.. ആണിയടിച്ചുണ്ടായ മാതളത്തിന്റെ പടം ഇതിനൊപ്പം പോസ്റ്റ്‌ ചെയ്യുന്നു...

ആണിയടിയുടെ ശാസ്ത്രീയത എന്ത് തന്നെയായാലും എന്റെയുമ്മ അത് വിശ്വസിക്കില്ല..!

'കൂത്തിച്ചി' ഒരു ഗ്രീക്ക് പദമാണ്..!


ഒരാഴ്ചയായി കേരളായൂണിവേഴ്സിറ്റിയുടെ രണ്ടാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണ്ണയ ക്യാമ്പിലാണ്.. ഉത്തരക്കടലാസുകളില്‍ ഒളിഞ്ഞിരുന്ന ചില വിശേഷങ്ങള്‍ കണ്ട് അറിയാതെ ഗ്രേഡുകള്‍ പോലും പൊട്ടിച്ചിരിച്ചു! അവയില്‍ ചിലത് ഗ്രേഡിടാതെ പോസ്റ്റ്‌ ചെയ്യുന്നു.

പേപ്പര്‍ - ഗദ്യസാഹിത്യം

ചോദ്യം:ആണ്ടിമലയനെ പറ്റി പൂക്കുഞ്ഞിബീയുടെ ഓര്‍മ്മയിലുള്ളതെന്തെല്ലാം?(സ്മാരകശിലകള്‍ )

''ആണ്ടിമല വളരെ സുന്ദരമായ ഒരു മലയാണ്.പൂക്കുഞ്ഞിബീ അവിടെ ചെല്ലുമ്പോഴെല്ലാം തുമ്പികള്‍ വട്ടമിട്ടു പറക്കാരുണ്ട്.വീട്ടിലിരുന്ന് ജനല്‍ വഴി അവള്‍ എന്നും ആണ്ടിമല നോക്കിയിരിക്കാറുണ്ട്''

ചോദ്യം:റബ്ബര്‍ മൂങ്ങയുടെ സവിശേഷതയെന്ത്‌? (നിന്റെ ഓര്‍മ്മയ്ക്ക് )

''നാട്ടിന്‍പുറത്ത് കാണുന്ന സാധാരണ മൂങ്ങകളെ പോലെയല്ല രബ്ബര്‍മൂങ്ങ.പകല്‍ സമയത്താണ് ഇവയുടെ സഞ്ചാരം.റബ്ബര്‍ മരങ്ങളില്‍ മാത്രം താമസിക്കാറുള്ള ഇവ എം.ടി യുടെ വീട്ടില്‍ ധാരാളമുണ്ട്''

ചോദ്യം: കൂത്തിച്ചി എന്ന വാക്കിന്റെ നിഷ്പത്തിയെങ്ങനെ ?

'' കൂത്തിച്ചി എന്നത് ഒരു ഗ്രീക്ക് പദമാണ്. മലയാളികള്‍ അത് മോശമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ച് നശിപ്പിച്ചതാണ്''

ചിരിക്കാന്‍ വക ഇനിയുമുണ്ട്‌ അത് ചോദ്യപേപ്പറില്‍ തന്നെയാണ്

1.അയാള്‍ എന്ന കഥാപാത്രം ഏറ്റവും കൂടുതലുള്ളത്‌ ആരുടെ കഥകളിലാണ് ?

എണ്ണിതിട്ടപ്പെടുത്തിയില്ല ഒരു നിരൂപകനും എന്നെഴുതിയ മിടുക്കനായ കുട്ടിക്ക്‌ എനിക്ക് 'എ'ഗ്രേഡ്‌ കൊടുക്കാനായില്ല. കാരണം ഉത്തരസൂചികയില്‍ ടി.പത്മനാഭന്‍ എന്നെഴുതി വെച്ചിട്ടുണ്ടായിരുന്നു...!

ഗാന്ധാരി കല്യാണസൌഗന്ധികം ആവശ്യപ്പെട്ടത്രേ ..!

നമ്പ്യാരുടെ 'കല്യാണസൌഗന്ധിക'ത്തിന് കേരളായൂണിവേഴ്സിറ്റിയുടെ പുതിയ വ്യാഖ്യാനം.. ഭീമസേനനോടു കല്യാണസൌഗന്ധികം ആവശ്യപ്പെട്ടത് ഗാന്ധാരിയാണത്രേ..! മൂന്നാം സെമസ്റ്റര്‍ ബി എ/ ബി എസ് സി അഡീഷണല്‍ ലാംഗ്വേജ് മലയാളം, 'ദൃശ്യകലാസാഹിത്യം' എന്ന പുസ്തകത്തിലാണു ഈ പുതിയ വ്യാഖ്യാനമുള്ളത്‌. ഗാന്ധാരിയെക്കൊണ്ട് കല്യാണസൌഗന്ധികം നിറഞ്ഞതിനാല്‍ സര്‍വ്വകലാശാലയ്ക്ക് ഈ പുസ്തകം റീ പ്രിന്‍റ് ചെയ്യേണ്ടിവന്നു.എന്നിട്ടും ഗാന്ധാരി ഇനിയും ബാക്കി നില്‍ക്കുന്നു; തീരാത്ത വിലാപമായ്‌ :

''പാണ്ഡവന്മാരുടെ വനവാസക്കാലത്ത് 'ഗാന്ധാരി' സൗഗന്ധികപുഷ്പഗന്ധത്താല്‍ ആകൃഷ്ടയാകുന്നതും പുഷ്പലാഭത്തിനു ഭീമസേനനെ സമീപിക്കുന്നതും ഭീമന്‍ പൂവ് തേടിപ്പോകുന്നതും ഹനുമാന്‍ ഭീമന്റെ ദര്‍പ്പമടക്കുന്നതും പൂവ്നേടി ഭീമന്‍ തിരിച്ചെത്തുന്നതുമാണ് കല്യാണസൌഗന്ധികത്തിന്‍റെ ഇതിവൃത്തം''

പാവം പാഞ്ചാലി!!!!

ഇത് കല്യാണസൌഗന്ധികമല്ല പാഞ്ചാലിവധം ആട്ടക്കഥയാണ്.

എത്ര ലാഘവത്തോടെയാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ ടെക്സ്റ്റ്‌ബുക്കുകള്‍ തയ്യാറാക്കുന്നത് ? ഈ പഠനക്കുറിപ്പ് തയ്യാറാക്കിയ പണ്ഡിതന്‍ കുറേക്കൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു..? ആ മാന്യദേഹത്തിന്‍റെ പേരിന്‍റെ കൂടെയുള്ള ഡോക്ടര്‍ , ഒരു വൈദ്യശാസ്ത്ര പദവിയായിരിക്കാമെന്ന് സമാധാനിക്കാം. അല്ലാതെന്തു ചെയ്യാം...!