2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

അവറാന്‍ എന്ന അറിവാളന്‍

അവറാന്‍ ഒരു സാധാരണ കര്‍ഷകനാണ്.മലപ്പുറം ജില്ലയിലെ ആതവനാട് സ്വദേശി.പ്രാഥമികവിദ്യാഭ്യാസം പോലും നേടിയിട്ടില്ല.പ്രായം അറുപത്തിരണ്ട്. പക്ഷെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ പ്രസിദ്ധീകരിച്ച ‘Farm innovators 2010’ എന്ന കാര്‍ഷികരംഗത്തെ കണ്ടുപിടുത്തങ്ങളുടെ പുസ്തകത്തില്‍ അവറാന് സവിശേഷമായ ഇടം കിട്ടിയിട്ടുണ്ട്. ഇത് യാദൃശ്ചികമായി സംഭവിച്ചു പോയതല്ല. ‘മണ്ണാക്കര’ എന്ന തന്റെ വീട്ടുപേരിനെ അര്‍ത്ഥപൂര്‍ണ്ണമാക്കുംവിധം മണ്ണി ല്‍ പൊന്നു വിളയിക്കാ ന്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി സ്വയം വികസിപ്പിച്ചെടുത്ത ‘മയില്‍പ്പീലി സ്പ്രിങ്ങ്ല ര്‍’ എന്ന സൂക്ഷ്മജലസേചനരീതിയിലൂടെയാണ് കണ്ടുപിടുത്തങ്ങളുടെ ചരിത്രപുസ്തകത്തിലേക്ക് അവറാന്‍ നടന്നു കയറിയത്.. പാഠപുസ്തകത്തില്‍ എഴുതിവെച്ച ഒരു ശാസ്ത്രവും അഭ്യസിക്കാന്‍ കഴിയാത്ത അവറാനെ സംബന്ധിച്ചിടത്തോളം അനുഭവജ്ഞാനമാണ് സകലത്തിന്റെയും അടിസ്ഥാനം. ‘‘നമ്മുടെ രാജ്യം കോടിക്കണക്കിന് ഉറുപ്പിക ചെലവിട്ട് പഠിപ്പിച്ചവരൊക്കെ ഇപ്പോള്‍ വിദേശത്താണ്.. നാട്ടിന് പത്ത്‌പൈസയുടെ ഉപയോഗമില്ലാത്തവര്‍.അവര്ടെ അച്ഛനീം അമ്മനീം വരെ ഞമ്മള് നോക്കക്കണം’’ അഭ്യസ്തവിദ്യർ നാട് വിട്ടോടുമ്പോള്‍ അവറാനെ പോലെയുള്ളവര്‍ക്ക് കൃഷിഭൂമിയെ കാത്തുകൊള്ളാതിരിക്കാനവില്ല,അത്രമേല്‍ ഈ മണ്ണിനോട് സ്നേഹവും കൂറും ഉള്ളവരാണവർ “ങ്ങളെന്താ പറയണേ? ഏതേലും കൃഷിക്കാരൻ ഇവിടെ രാസവളോം കീടനാശിനീം കൊണ്ടുവന്നോ? ഈ ശാസ്ത്രം പറയണോരല്ലേ അത് നാടു മുഴ്മൻ അടിക്കാൻ പറഞ്ഞേ.. നെല്ലിലൊക്കെ ഡി ഡീ ടീം എൻഡോ സൾഫാനുമല്ലേർന്നു. കുലച്ച വാഴേന്റെ മാനീല് വരെ യൂറിയ കൊടുത്തീർന്നില്ലേന്ന്.. എന്നിട്ട് മണ്ണൊക്കെ ചത്ത് ഒന്നൂല്ലാണ്ടായപ്പോ ഇനി അതൊന്നും വേണ്ടാന്ന് പറയണതും അവര് ന്നെ. ന്ന്ട്ട് കർഷകന്മാർ തെറ്റുചെയ്യുണൂന്ന് പറച്ചിലും.. രാസവളമിടാണ്ട് ഇപ്പോ ന്താ ണ്ടാവാ.. പണ്ട് ഒരു ഡൈവറുണ്ടാർന്നു ഓൻ ആലീക്കാന്റെ ജീപ്പെടുത്ത് പോമ്പോ എറക്കത്തില് വണ്ടി ന്യൂട്ടറായിട്ട് ഓഫായി.. കണ്ട്രോൾ പോയപ്പോ ഓൻ ചാടി എറങ്ങി “ദാ ആലീക്കാന്റെ വണ്ട്യാ പോണോ” ന്ന് നെലവിളിച്ച ചേലുക്കാ ഈ ശാസ്ത്രം. അവരു കണ്ടമാനം വളോം കീടനാശിനീമൊക്കെ വിതറി ഇപ്പോ കാര്യം പിടിവിട്ടപ്പോ വണ്ടീന്ന് ചാട്യറങ്ങി കർഷകന്മാരോട് ഉദ്ബോധിപ്പിക്കാ ഇങ്ങളെങ്ങനെങ്കിലും ദൊന്ന് നിർത്തീംന്ന്.. നടക്കോ അത്? കോടിക്കണക്കിനുറപ്യ ചെലവാക്കി പഠിച്ചിട്ടും പഠിപ്പിച്ചിട്ടും ഇവരെ കൊണ്ട് രാജ്യത്തിനെന്താ നേട്ടം? എന്താ ഉപകാരായിട്ട് ഇവര് കണ്ടു പിടിച്ചിരിക്കണത്?” കൃഷിയും ജലസേചനവും മാത്രമല്ല, ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളെകുറിച്ചും അവറാന് സ്വന്തവും സ്വതന്ത്രവുമായ നിലപാടുകളുണ്ട്. നാട്ടുമ്പുറത്തുകാരന്റെ സഹജമായ നര്‍മ്മബോധത്തോടെ അദ്ദേഹം എല്ലാത്തിനോടും വാചാലനാകുന്നു. പുസ്തകജ്ഞാനത്തിനപ്പുറം അനുഭവജ്ഞാനത്തിലൂടെ നേടിയെടുത്ത ശാസ്ത്രാവബോധമാണ് അവറാനെ പല കണ്ടുപിടുത്തങ്ങളിലേക്കും നയിച്ചത്‌ മലപ്പുറം ജില്ലയില്‍ 2004ല്‍ ഉണ്ടായ കടുത്ത വരള്‍ച്ച അഞ്ചേക്കറോളം വരുന്ന അവറാന്റെ കൃഷിഭൂമിയെ സാരമായി ബാധിക്കാന്‍ തുടങ്ങി.മുപ്പത്‌ വാഴ നനക്കുമ്പോഴേക്കും കിണറ്റിലെ വെള്ളം വറ്റും. ബാക്കിവരുന്ന വിളകള്‍ക്ക്‌ വെള്ളം കിട്ടാത്ത അവസ്ഥ. ‘കുറച്ചു വെള്ളം കൊണ്ട് കൂടുതല്‍ നന’ എങ്ങനെ സാധ്യമാകും എന്ന ചിന്തയിലായി പിന്നെ അവറാൻ. ഒന്നുരണ്ടു രാത്രികള്‍ നീണ്ടുനിന്ന ആലോചനകള്‍ നമ്മുടെ ജലസേചന രംഗത്ത്‌ ഒരു വഴിത്തിരിവിനെ കുറിക്കുന്ന കണ്ടുപിടുത്തത്തിന് കാരണമായി. വെള്ളം കൃഷിയിടങ്ങളിലൂടെ ചാലുകീറി ഒഴുക്കിവിടുന്ന ജലസേചനമാണ് പരമ്പരാഗതമായി നാം പിന്തുടരുന്നത്.ജലത്തിന്റെ ഈ ധാരാളിത്തം കൊണ്ട് മണ്ണും വളവും ഒലിച്ചുപോകുന്നു.ശക്തമായ ജലപ്രവാഹത്താല്‍ ചെടികളുടെ ഇലകള്‍ ചീയുന്നു, പൂക്കള്‍ കൊഴിയുന്നു.ഏക്കറുകള്‍ വരുന്ന കൃഷിയിടങ്ങളില്‍ ചാലുകീറി വെള്ളം തിരിച്ചു വിടാന്‍ തൊഴിലാളികളെ കിട്ടുന്നില്ല.കിട്ടിയാല്‍ തന്നെ താങ്ങാവുന്നതിലുമപ്പുറമുള്ള കൂലിയും.ഇങ്ങനെ പരമ്പരാഗത ജലസേചന രീതി എല്ലാംകൊണ്ടും പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സ്പ്രിങ്ങ്ലറുകൾ ഉപയോഗിച്ച് കൃഷിഭൂമിയില്‍ കൃത്രിമ മഴ പെയ്യിക്കുന്ന ജലസേചന മാതൃകകൾ വ്യാപകമാകാൻ തുടങ്ങിയത്.എന്നാല്‍ പൂക്കൾ കൊഴിയുന്നതും ഇലകൾ ചീയുന്നതും ഇല്ലാതാക്കാൻഈ രീതികൊണ്ടും സാധിച്ചില്ല. അതുകൊണ്ടുതന്നെ അവറാന്റെ കണ്ടുപിടുത്തം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. Micro sprinclerകളാണ് അദ്ദേഹം തന്റെ ജലസേചന മാതൃകയ്ക്ക് ഉപയോഗിക്കുന്നത്. കുറച്ചു വെള്ളം കൊണ്ട് കൂടുതല്‍ വിളകള്‍ നനച്ച് ജലദുരുപയോഗം ഇല്ലാതെയാക്കാന്‍ അവറാന്റെ മയില്‍പ്പീലി സ്പ്രിങ്ങ്ലറുകള്‍ക്ക് കഴിയുന്നു. ഒരു മണ്ണെണ്ണ വിളക്ക്,ചെറിയ പിവിസി ട്യൂബ്,ഒരു ബ്ലേഡ്‌, രണ്ടിഞ്ച് ആണി ഇത്രയുമാണ് അവറാന്റെ കണ്ടുപിടുത്തത്തിനു വേണ്ട അസംസ്കൃത വസ്തുക്കള്‍ .ആദ്യം പിവിസി ട്യൂബ് രണ്ടിഞ്ച് നീളത്തിലുള്ള അനേക കഷ്ണങ്ങളായി മുറിച്ചെടുക്കുന്നു. മണ്ണെണ്ണവിളക്കിന്റെ നാളത്തില്‍ കാണിച്ച് ഇവയുടെ അറ്റങ്ങള്‍ ഉരുക്കിയൊട്ടിക്കുന്നു. ഇങ്ങനെ ഉരുക്കിയൊട്ടിച്ചതിന്റെ തൊട്ടുതാഴെയായി ബ്ലേഡ്‌ കൊണ്ട് ഒരു മുറിവുണ്ടാക്കലാണ് അടുത്തപടി.ഇതിലൂടെയാണ് ജലം പുറത്തേക്ക്‌ വരിക.വെള്ളം വിളകള്‍ക്ക്‌ നല്‍കുന്ന എമിറ്ററുകളാണിവ. ഒരു എമിറ്ററുണ്ടാക്കാന്‍ ഒരു രൂപയില്‍ താഴെയേ ചെലവ് വരൂ. ഒന്നര ഇഞ്ച്‌ വണ്ണമുള്ള പി.വി.സി.പൈപ്പുകള്‍ കൃഷിയിടത്തില്‍ വിന്യസിക്കലാണ് അടുത്ത ഘട്ടം. തുടര്‍ന്ന് പൈപ്പില്‍ സുഷിരങ്ങളുണ്ടാക്കി വാഷറും കണക്ടറും ഘടിപ്പിച്ച് അതിനോട് 16mm വണ്ണമുള്ള സബ്ലാറ്ററല്‍ ട്യൂബുകള്‍ പിടിപ്പിക്കുക.ഈ കുഞ്ഞു ട്യൂബുകളില്‍ രണ്ടിഞ്ച് ആണിഉപയോഗിച്ച് ചെറുദ്വാരങ്ങളുണ്ടാക്കി അതിലാണ് എമിറ്ററുകള്‍ ഘടിപ്പിക്കുക. ഒരു മീറ്റര്‍ വ്യാസത്തില്‍ അര്‍ദ്ധവൃത്താകൃതിയിലാണ് വെള്ളം ചീറ്റുക. തെങ്ങ് പോലെയുള്ള വലിയ വിളകള്‍ക്ക്‌ രണ്ട് എമിറ്ററുകള്‍ വേണ്ടിവരുമ്പോൾ വാഴ തുടങ്ങിയ ചെറിയ വിളകള്‍ക്ക്‌ ഒന്നുമതിയാവും..ഒരു മിനിട്ടില്‍ രണ്ട് ലിറ്റർ വെള്ളമാണ് ഒരു എമിറ്ററില്‍ നിന്നും ലഭ്യമാകുക.ഒരു തെങ്ങിന് ഒരു ദിവസം നാല്‍പത്‌ ലിറ്റര്‍ വെള്ളമാണ് വേണ്ടത്‌. ഇങ്ങനെ പത്ത്‌ മിനിറ്റ് എമിറ്റർ പ്രവര്‍ത്തിപ്പിച്ചാല്‍ തന്നെ രണ്ട് എമിട്ടർ ഘടിപ്പിച്ച തെങ്ങിന് നാല്പതും വാഴയ്ക്ക് ഇരുപതും ലിറ്റര്‍ വെള്ളം ലഭിക്കും. എമിറ്ററുകളില്‍ നിന്നും ജലം പ്രവഹിക്കുന്നത് മയില്‍പ്പീലിയുടെ ആകൃതിയില്‍ ആയതുകൊണ്ടാണ് മയില്‍പ്പീലി സ്പ്രിന്ഗ്ലർ എന്ന പേര് വന്നത്. തടം കണക്കാക്കി വെള്ളമെത്തിക്കുന്ന ഈ ജലസേചന സമ്പ്രദായം കേരളത്തിലെ കര്‍ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാവുകയാണ്. വാഴകൃഷിയിലാണ് അവറാന്‍ ആദ്യമായി ഈ സൂക്ഷ്മജലസേചനരീതി പരീക്ഷിച്ചത്‌. ആതവനാട് കൃഷിഭവനിലെ ഓഫീസറായിരുന്ന രാമകൃഷ്ണൻ ഇത് തവനൂർ കാര്‍ഷിക കോളേജിലെ ഉദ്ധ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി.കാര്‍ഷിക കോളേജില്‍ അവറാന്‍ തന്റെ മയില്‍പ്പീലി സ്പ്രിങ്ങ്ലര്‍ ഏക്കർ കണക്കിന് കൃഷിഭൂമിയില്‍ ഘടിപ്പിച്ചു.കോളേജിലെ അധ്യാപകര്‍ വഴി അവറാന്റെ കണ്ടുപിടുത്തം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ വരെ എത്തി.അധികം വൈകാതെ ശാസ്ത്രകൌണ്‍സില്‍ അവറാനെ കേഷ്അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു.വാഴകൃഷിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് തെങ്ങ്, കവുങ്ങ്, പച്ചക്കറി,വെറ്റില,ജാതി ,നെല്ല് ഏലം, റബ്ബര്‍ എന്നിവകളിലേക്കും വ്യാപിപ്പിച്ചു.പണ്ട് പുഞ്ചയ്ക്ക് തെക്കൊട്ട ഉപയോഗിച്ച് ഒരു ദിവസം തേവിയിരുന്ന വെള്ളം കൊണ്ട് പതിനഞ്ചു ദിവസത്തെ നന സാധ്യമാകുന്നു എന്നതാണ് ഈ കര്‍ഷകന്റെ കണ്ടുപിടുത്തത്തിന്റെ ഏറ്റവും പ്രാധാന നേട്ടം. കേരളത്തിലങ്ങോള മിങ്ങോളമുള്ള ഒട്ടേറെ കര്‍ഷകരുടെ മുവായിരത്തിലധികം ഏക്കര്‍ഭൂമിയില്‍ അവറാന്‍ തന്റെ ‘തെളിനന’ വിജയകരമായി ചെയ്തുകൊടുത്തിട്ടുണ്ട്. യാതൊരുവിധ പരസ്യങ്ങളുമില്ലാതെയാണ് കര്‍ഷകർ അവറാനെ തേടിയെത്തുന്നത്. സാധാരണ ജലസേചന സമ്പ്രദായത്തില്‍ നിന്നും അവറാന്റെ മൈക്രോ സ്പ്രിന്ക്ലര്‍ വേറിട്ട്‌നില്‍ക്കുന്നത്‌ ഒട്ടേറെ ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് -ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാം,എമിറ്ററിന്റെ ദിശ മാറ്റി ജലപ്രവാഹത്തിന്റെ ഗതി തിരിക്കാം,വെള്ളം അന്വേഷിച്ച് വേരുകള്‍ പുറത്ത്‌ വരില്ല,ചെളിയോ കരടോ എമിറ്ററുകളില്‍ അടിയില്ല,എത്രതവണ മാറ്റിയാലും ജലച്ചോര്‍ച്ച ഉണ്ടാവില്ല,തൊഴിലാളികളുടെ ആവശ്യമില്ല -എല്ലാത്തിനുമപ്പുറം ജലനഷ്ടം കുറവാണ് എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. പരിമിതമായ സാഹചര്യത്തില്‍ എമിറ്ററുകള്‍ കൈകള്‍ കൊണ്ട് നിര്‍മ്മിക്കുന്നതിനാ ല്‍ അവയ്ക്ക് ഏകീകൃത സ്വഭാവം കുറവാണ്. ഈ ന്യൂനത പരിഹരിച്ച്,യന്ത്രസഹായത്തോടെ എമിറ്ററുകൾ പരിഷ്കരിക്കാൻ കേരള കാര്‍ഷിക സര്‍വകലാശാല മൂന്നുലക്ഷത്തിപതിനെട്ടായിരം രൂപ അനുവദിച്ചിട്ടുണ്ട്.ഒരു സാധാരണ കര്‍ഷകന്റെ മണ്ടയില്‍ തെളിഞ്ഞ ഈ കണ്ടെത്തലിനെ സംസ്ഥാന സര്‍ക്കാരും കാര്‍ഷിക രംഗത്തെ വിവിധ ഏജന്‍സികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട് . നീണ്ട നാളത്തെ നിരീക്ഷണങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം 2012ല്‍ അവറാന്റെ മൈക്രോ സ്പ്രിങ്ക്ലറിനു പേറ്റന്റ് ലഭിച്ചപ്പോള്‍ സഫലമായത് ശാസ്ത്രകുതുകിയായ ഒരു കര്‍ഷകന്റെ സ്വപ്നവും ഏറെ നാളത്തെ അധ്വാനവുമാണ്. കാര്യക്ഷമമായ സൂക്ഷ്മജലസേചന സമ്പ്രദായത്തിന്റെ കണ്ടെത്തലിനു ശേഷം അവറാന്‍ വെറുതെ ഇരുന്നില്ല.ഒരു മണിക്കൂറില്‍ എട്ടുകിലോ അടയ്ക്ക പൊളിക്കാന്‍ കഴിയുന്ന യന്ത്രം നിര്‍മ്മിച്ചാണ് അദ്ദേഹം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയെ വീണ്ടും മണ്ണാക്കര വീട്ടിലേക്ക്‌ തിരിച്ചത്. വീട്ടുമുറ്റത്തെ മരത്തടിയി ല്‍ ഘടിപ്പിച്ചിട്ടുള്ള അടയ്ക്കപൊളി യന്ത്രം കൊണ്ട് അവറാന്‍ നിമിഷ വേഗത്തില്‍ അടയ്ക്ക പൊളിച്ച് കുട്ടയിലേക്കെറിയുന്നത് കണ്ട്, വളഞ്ഞ ചുണ്ടുള്ള കത്തി കൊണ്ട് മാത്രം അടയ്ക്ക പൊളിച്ച് ശീലമുള്ള ഗ്രാമീണര്‍ കൌതുകം കൊല്ലുകയാണ്. വിപണിയില്‍ ഏകദേശം മുന്നൂറ്രൂപയ്ക്ക് വില്‍ക്കാൻ കഴിയുന്ന ഈ യന്ത്രത്തിന് പേറ്റന്റ് കിട്ടാന്‍ കാത്തിരിക്കുകയാണ് അവറാൻ. കാര്‍ഷികകുടുംബത്തിലാണ് പിറന്നതെങ്കിലും അവറാന് ആദ്യമൊന്നും കൃഷിയി ല്‍ താല്പര്യം ഉണ്ടായിരുന്നില്ല. പത്ത്‌ വര്‍ഷക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച ശേഷമാണ് കൃഷിയിലേക്ക്‌ തിരിയുന്നത്. മത്തന്‍, ചെരങ്ങ, കൈപ്പ,പടവലം,ചീര തുടങ്ങിയ ഒട്ടേറെ പച്ചക്കറികളും തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് തുടങ്ങിയ വിളകളും മയില്‍പ്പീലി ചീറ്റുന്ന അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ഇന്ന് സജീവമാണ്. കാര്‍ഷികരംഗത്തെ ഇന്നത്തെ പ്രതിസന്ധിയെ കുറിച്ച് ചോദിച്ചാല്‍ അവറാന് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. കൃഷി ആരെയും പറഞ്ഞു പഠിപ്പിക്കാന്‍ കഴിയുന്ന വിഷയമല്ല, അത് അനുഭവിച്ചും മനമറിഞ്ഞും ചെയ്യേണ്ട വൃത്തിയാണ്.ഇസ്രയേലില്‍ നിന്നുള്ള യന്ത്രോപകരണങ്ങളാണ് നമ്മുടെ കൃഷിഭൂമിയില്‍ ഉപയോഗിക്കുന്നതെന്ന് അവറാനറിയാം . എന്നാല്‍ ‘‘അബടത്തെ കൃഷിയാണോ ഇബടെ..?ഇതൊന്നും കാണാണ്ടീം പറയാണ്ടീംഉപയോഗിച്ചാ എങ്ങനേ ഞമ്മളെ കൃഷി നേരെയാവ്‌ആ..?’’ കൃഷിഭൂമിയില്‍നിന്നും കര്‍ഷകനെ അകറ്റിയത് കാലങ്ങളായി നാം അനുവര്‍ത്തിച്ചു വരുന്ന ചില തല തിരിഞ്ഞനയങ്ങളാണ്.കഴിഞ്ഞവര്‍ഷം അവറാന്‍ കോഴിക്കോട്ടെ സര്‍ക്കാർ ഫാമില്‍നിന്നും ഒന്നിന് അഞ്ചര രൂപ പ്രകാരം ആയിരം കുരുമുളക്തൈ വാങ്ങി. വലിയ ലോറിയില്‍ വീട്ടിലെത്തിച്ചപ്പോഴേക്കും തൈ ഒന്നിന് പത്ത്‌ രൂപ മുപ്പത്‌ പൈസ ചെലവ് വന്നു.പിന്നീട് ആ തൈകള്‍ വികസിപ്പിച്ചു തിരികെ വിറ്റപ്പോ ള്‍ കൃഷിവകുപ്പ്‌ രണ്ടുരൂപയെ നല്‍കാൻ തയ്യാറുള്ളൂ. ‘‘ഞമ്മള്ണ്ടാക്കുമ്പോ രണ്ടുറുപ്യ, ഗവന്മേന്റ് ണ്ടാക്കുമ്പോ അഞ്ചര ഉര്‍പ്യ ... എങ്ങനെയാ ഇബടെ കൃഷിക്കാരന് ണ്ടാവ..?’’ ‘‘കൃഷിക്കാരന് കൊടുക്കാനെന്നും പറഞ്ഞാണ് മില്‍മ പാലിന് വെലകൂട്ടിയത്..പിന്നാലെ മില്‍മ തീറ്റയുടെവെല അഞ്ഞൂറില്‍ നിന്നും തൊള്ളായിരമാക്കി.എങ്ങനെയാ പിന്നെ കര്‍ഷകൻ പശൂനെ വളര്‍ത്ത്‌ക ...?’’ അവറാന്റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമേകാൻ ഭരണകൂടങ്ങള്‍ക്കോ കൃഷിയാപ്പീസര്‍മാര്‍ക്കോ കഴിയുന്നില്ല. കാരണം അവരാരും ജീവിതത്തിലൊരിക്കലും മണ്ണിന്റെ മണമെന്തെന്നു തിരിച്ചറിഞ്ഞിട്ടില്ല.ഇനിയൊട്ടു അറിയാനും പോകുന്നില്ല.നാടും നാട്ടുകാരും കൃഷിവകുപ്പുമെല്ലാം അവറാനെ അനുമോദനത്തിന്റെ കൊടുമുടി കയറ്റുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ അദ്ദേഹം ആതവനാട്ടെ സ്വന്തം കൃഷിയിടത്തി ല്‍ മണ്ണിന്റെ മനമറിഞ്ഞ് വിത്തിറക്കി,മയില്‍പ്പീലി സ്പ്രിങ്ക്ലർ കൊണ്ട് ജലസേചനം ചെയ്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് കാതോര്‍ക്കുന്നു... ‘‘ദിവസത്തി ല്‍ രണ്ട് പ്രാവശ്യം വീതമല്ലേ സകലതിനും വെല കൂട്ണത്. സ്വര്‍ണ്ണം മാതിരി ’’ എല്ലാത്തിനും വിലപെരുത്ത് കൃഷിച്ചെലവ് വര്‍ദ്ധിക്കുമ്പോൾ അവറാന് ഒന്നും കണ്ടുപിടിക്കാതിരിക്കാനുമാവില്ല.