കഴിഞ്ഞ റംസാന്‍ കാലത്താണ് ഞാന്‍ അമ്പലപ്പുഴ ഗവണ്മെന്‍റ് കോളേജില്‍ അധ്യപനായി ജോയിന്‍ചെയ്യുന്നത്.ഒരു പഴയ ലോഡ്ജില്‍ താല്‍കാലിക താമസസൗകര്യം കിട്ടി.വീട്ടിലെ നോമ്പുതുറ വിഭവങ്ങളെ മനസ്സില്‍ ധ്യാനിച്ച് അമ്പലപ്പുഴയിലെ ഹോട്ടലുകളില്‍ പോയി എല്ലാദിവസവും നോമ്പുതുറന്നു.കാര്യങ്ങള്‍ അങ്ങനെ വലിയ കുഴപ്പമില്ലാതെ നീങ്ങിക്കൊണ്ടിരിക്കെയാണ് വളരെ അപ്രതീക്ഷിതമായി ആലപ്പുഴയില്‍ അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടത്.ഉച്ച കഴിഞ്ഞിട്ടും കടകളൊന്നും തുറക്കുന്ന ലക്ഷണമില്ല.നോമ്പ് തുറക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.വൈകുന്നെരമായിട്ടും ഹോട്ടലുകള്‍ തുറന്നില്ലെങ്കിലുള്ള അവസ്ഥയോര്‍ത്ത് ബേജാറായി.നാലുമണിയായി,ഒരു ലക്ഷണവും കാണുന്നില്ല.നാല്‍പത്തിയെട്ടു മണിക്കൂര്‍ നോമ്പെടുക്കുന്നതും മനസ്സിലോര്‍ത്ത് റൂമില്‍ മലര്‍ന്നു കിടക്കുമ്പോഴാണ് അമ്പലപ്പുഴയിലെ എന്‍റെ ഏക സുഹൃത്ത് റിജികൃഷ്ണന്‍ വന്ന് വാതിലില്‍ തട്ടിയത്. അവന്‍ പറഞ്ഞു:
''വാ.. വീട്ടില്‍ പോകാം. നോമ്പ് തുറക്കണ്ടേ...!''
ദൈവദൂതനായ റിജിയുടെ പിന്നാലെ ഞാന്‍ നടന്നു.മത്സ്യത്തൊഴിലാളിയായ അവന്‍റെ അച്ഛന്‍, ഹര്‍ത്താലായതുകൊണ്ട് വീട്ടിലുണ്ടായിരുന്നു.അച്ഛനുമായി അമ്പലപ്പുഴ പാല്പായസത്തെ കുറിച്ചും വിസ്മൃതമാകുന്ന ചാകരക്കാലത്തെ കുറിച്ചും സംസാരിച്ചിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല.പൂജാമുറിയില്‍ വിളക്ക് കൊളുത്തിയ ശേഷം റിജിയുടെ അമ്മ വന്ന് പറഞ്ഞു: ''ബാങ്ക് വിളിക്കാന്‍ സമയമായി''. എന്നേക്കാള്‍ കൃത്യതയോടെ അവര്‍ ബാങ്കിന്‍റെ സമയം മനസ്സിലാക്കിയിരിക്കുന്നു.
ഒരു വലിയ ഗ്ലാസ്സില്‍ ഇളംനീര്‍ കൊണ്ട്തന്നു. ആ കുടുംബത്തെയും അല്ലാഹുവിനെയും നിറകണ്ണുകളോടെ സ്തുതിച്ച് ഞാന്‍ നോമ്പ് തുറന്നു.എന്‍റെ വീട്ടിലുണ്ടാകുന്നതിലും അപ്പുറമുള്ള റംസാന്‍ വിഭവങ്ങള്‍ കണ്ട് അമ്പരന്നു.കടകള്‍ തുറക്കാത്ത ദിവസമായിട്ടും അവര്‍ എനിക്ക് വേണ്ടി എവിടുന്നോക്കെയോ ഫ്രൂട്സ് വരെ എത്തിച്ചിട്ടുണ്ടായിരുന്നു.പലഹാരങ്ങള്‍ വേറെ.അതിലപ്പുറം എന്നെ ഞെട്ടിച്ചത് ആ അമ്മ ഉണ്ടാക്കിത്തന്ന 'തരിക്കഞ്ഞി'യായിരുന്നു.നാട്ടില്‍ നിന്ന് മാത്രം കുടിച്ചിട്ടുള്ള തരിക്കഞ്ഞി എത്ര സ്വാദിഷ്ടമായാണ് അവര്‍ ഉണ്ടാക്കിയിരിക്കുന്നത്.ചപ്പാത്തിയ്ക്കും ഇറച്ചിക്കറിയ്ക്കും പറഞ്ഞറിയിക്കാനാവാത്ത രുചിയുണ്ടായിരുന്നു.കണ്ണും ഹൃദയവും വയറും ഒരുപോലെ നിറഞ്ഞ മറ്റൊരു നോമ്പുതുറ ജീവതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.ഇനി ഉണ്ടായിക്കൊള്ളണമെന്നുമില്ല.രാത്രി മടങ്ങുമ്പോള്‍ റിജിയുടെ കയ്യില്‍ അമ്മ എനിക്കുള്ള അത്താഴം കൂടി പൊതിഞ്ഞു നല്‍കിയിരുന്നുവന്ന് ഞാന്‍ അറിയുന്നത് റൂമിലെത്തിയപ്പോഴാണ്.


